അടുത്തവര്‍ഷം നടക്കുന്ന ടി20 ജൂണ്‍ നാലു മുതല്‍ 30വരെ

അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്റെ തീയതിയായി. അടുത്ത വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര ടി20 ലീഗായ ഐപിഎല്‍ കൊടിയിറങ്ങുന്നതിന് തൊട്ടു പിന്നാലെ ജൂണ്‍ നാലു മുതല്‍ 30വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടായിരിക്കും ടൂര്‍ണമെന്റ്. ഐസിസി റാങ്കിംഗ് അനുസരിച്ച് ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ഡലന്‍ഡ്‌സ് ടീമുകള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. തൊട്ടു മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ മത്സരക്രമം തിരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് 20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഇതില്‍ പരസ്പരം മത്സരിക്കുന്നതില്‍ ആദ്യ രണ്ട് സ്ഥാനത്തുവരുന്ന രണ്ട് ടീമുകള്‍ വീതം ആകെ എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.

സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ടായിരിക്കും. ഇതില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പാപ്പുവ ന്യൂ ഗിനിയ, സ്‌കോട്ലന്‍ഡ് ടീമുകള്‍ ടി20 ലോകകപ്പിന്റെ 20 ടീമുകളുടെ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ രണ്ടുതവണയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ് നടന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്ത ആതിഥേയരാകുന്ന ടൂര്‍ണമെന്റില്‍ ഏതൊക്കെ മത്സരങ്ങളാണ് അമേരിക്ക വേദിയാവുക എന്ന് തീരുമാനിച്ചിട്ടില്ല. നിലവില്‍ മേജര്‍ ലീഗ് ക്രിക്കറ്റിന് അമേരിക്ക വേദിയാവുന്നുണ്ട്. മുമ്പ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്കും അമേരിക്ക വേദിയായിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് അമേരിക്ക വേദിയാവുന്നത് ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *