അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ

ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തു. ഇതോടൊപ്പം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാനും സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

വിവിധ ഹൈക്കോടതികളിൽ നിന്നുള്ള മൂന്ന് ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുള്ളത്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, പാറ്റ്‌ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ശുപാർശ. അതേസമയം നേരത്തേ സുപ്രീംകോടതി ജഡ്ജിയായി പരിഗണിച്ചിരുന്ന മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥന്റെ പേര് കൊളീജിയം തയ്യാറാക്കിയ പുതിയ ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാനും കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരിയിൽ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയുള്ള ആർ എം ഛായ അടുത്ത ജനുവരി പതിനൊന്നിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന് സാധ്യത തെളിയുന്നത്.

കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാൽ അടുത്ത ചീഫ് ജസ്റ്റിസായുള്ള സാധ്യതയും അദ്ദേഹത്തിനായിരിക്കും. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം നൽകിയ ശുപാർശ കേന്ദ്രനിയമ മന്ത്രാലയം പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് സഞ്ജയ് മിശ്രയെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും ജസ്റ്റിസ് എൻ കെ സിംഗിനെ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുംസുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *