മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ ആംആദ്മി പ്രതിഷേധം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ ആംആദ്മി പ്രതിഷേധം. മോദി-അദാനി വിരുദ്ധമുദ്രാവാക്യങ്ങളുമായി എഎപി പ്രവര്‍ത്തകര്‍. ബിജെപി ദേശീയ ആസ്ഥാനത്തേക്കുള്ള എഎപി മാര്‍ച്ച് പൊലീസ് തടഞ്ഞു.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥിതി ശാന്തമാക്കാന്‍ ദ്രുതകര്‍മസേനാംഗങ്ങള്‍ ഇടപെട്ടു.
ഒരുരാത്രി മുഴുവന്‍ സിബിഐ ഓഫിസില്‍ കഴിച്ചുകൂട്ടിയ സിസോദിയയെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. എയിമ്‌സില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് അത് വേണ്ടെന്നുവച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപിയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ഓഫിസിലേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി ബിജെപി ദേശീയ ആസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി. അഴിമതി ആദ്യം പുറത്തുകൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അഴിമതിയുടെ സൂത്രധാരന്‍ കേജ്രിവാളെന്നും അനില്‍ ചൗധരി. ആംആദ്മി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടറെ സിബിഐ ആസ്ഥാനത്തെത്തിച്ച് മനീഷ് സിസോദിയയെ വൈദ്യ പരിശോധക്ക് വിധേയനാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുകയാണ് ആം ആദ്മി പാര്‍ട്ടി. അതേസമയം സിസോദിയയുടെ അറസ്റ്റ് പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് TMC, ശിവസേന, TR S തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചപ്പോള്‍ ഡല്‍ഹി കോണ്‍ഗ്രസ് നടപടിയെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *