സത്യം ശിവം സുന്ദരം വസ്ത്രധാരണം: കുറിപ്പുമായി എത്തിയിരിക്കുകയാണ് സീനത്ത് അമൻ

ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു സീനത്ത് അമൻ. സൂപ്പർതാരങ്ങൾക്കൊപ്പം അവർ മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചു. സീനത്ത് അമന്റെ കരിയറിലെ തന്നെ ഏറ്റവും ചർച്ചയായ ചിത്രമാണ് 1978-ൽ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം. സീനത്തിന്റെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി വിവാദങ്ങളും അന്നുണ്ടായിരുന്നു. ഈ വിഷയത്തേക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സീനത്ത് അമൻ.

തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാ​ഗ്രാമിലാണ് സീനത്ത് അമൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. 1977-ൽ സത്യം ശിവം സുന്ദരത്തിന്റെ ലുക്ക് ടെസ്റ്റിനിടെ ഫോട്ടോഗ്രാഫർ ജെ പി സിംഗാളെടുത്ത ചിത്രമാണ് ഇത്. സീരീസ് ഷൂട്ട് ചെയ്തത് ആർ കെ സ്റ്റുഡിയോയിൽ വെച്ചാണ്. ഓസ്‌കാർ ജേതാവ് ഭാനു അത്തയ്യയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് സീനത്ത് അമൻ പറഞ്ഞു.

‘സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രമായ രൂപയെക്കുറിച്ച് നിരവധി വിവാദങ്ങളും ബഹളങ്ങളും ഉണ്ടായിരുന്നുവെന്ന് ബോളിവുഡിന്റെ ചരിത്രം അറിയുന്ന ആർക്കും അറിയാം. മനുഷ്യശരീരത്തിൽ അശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാൽ ഈ അശ്ലീല ആരോപണങ്ങൾ എന്നെ എപ്പോഴും രസിപ്പിച്ചിരുന്നു. ഞാൻ ഒരു സംവിധായകന്റെ നടിയാണ്. ഈ ലുക്ക് എന്റെ ജോലിയുടെ ഭാഗമായിരുന്നു. രൂപ എന്ന കഥാപാത്രത്തിന്റെ രൂപത്തിലെ ആകർഷണീയത ഇതിവൃത്തത്തിന്റെ കാതൽ ആയിരുന്നില്ല, മറിച്ച് അതിന്റെ ഒരു ഭാഗമായിരുന്നു. സെറ്റിൽ ഡസൻ കണക്കിന് ക്രൂ അംഗങ്ങൾക്ക് മുന്നിൽ ഓരോ നീക്കവും കൊറിയോഗ്രാഫ് ചെയ്യുകയും റിഹേഴ്സൽ ചെയ്യുകയും ചെയ്തിരുന്നു.’ അവർ എഴുതി.

സംവിധായകൻ രാജ് കപൂർ സിനിമയിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ “പാശ്ചാത്യ” ഇമേജിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് സീനത്ത് ഓർത്തെടുത്തു. ഈ രൂപത്തിൽ പ്രേക്ഷകർ തന്നെ സ്വീകരിക്കുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു, അതിനാൽ ഒരു ലുക്ക് ടെസ്റ്റ് നടത്തി. പിന്നീട്, ഇതിന്റെ അടിസ്ഥാനത്തിൽ, 1956-ൽ പുറത്തിറങ്ങിയ ജഗ്തേ രഹോ എന്ന ചിത്രത്തിലെ ലതാജിയുടെ പ്രശസ്തമായ ‘ജാഗോ മോഹൻ പ്യാരേ’ എന്ന ഗാനത്തിന്റെ ഒരു ചെറിയ റീൽ ഞങ്ങൾ വീണ്ടും ചിത്രീകരിച്ചു.

ഈ വേഷത്തിൽ ഞാൻ വന്നാൽ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയാൻ രാജ് കപൂർ തന്റെ വിതരണക്കാർക്കായി ആർ.കെ സ്റ്റുഡിയോയിൽ ഈ റീലിന്റെ ഒരു പ്രദർശനം നടത്തി. ആ പ്രദർശനം വൻ വിജയമായിരുന്നെന്നും സീനത്ത് അമൻ കൂട്ടിച്ചേർത്തു. 2019-ൽ പുറത്തിറങ്ങിയ പാനിപ്പത്ത് എന്ന ചിത്രത്തിലെ സാക്കിനാ ബീ​ഗം എന്ന ചെറുവേഷത്തിലാണ് സീനത്ത് അമൻ ഒടുവിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈയിടെയാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *