സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ

സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.

മതിൽതകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഭാരമേറിയ ട്രക്ക് മതിൽ തകർത്ത് ക്യാമറ ലക്ഷ്യമാക്കി അതിവേഗത്തിൽ പാഞ്ഞുവരുന്നത് വിഡിയോയിൽ കാണാം.

വാഹനത്തിന്റെ മുന്നിൽ നിന്ന് വിശാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അറിയാൻ കഴിയുന്നത്. വിശാൽ അപകടത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നീട് അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാൽ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. ഏതാനും സെക്കൻഡുകൾക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തിലാണ് തനിക്ക് ജീവൻ തിരിച്ച് കിട്ടിയതെന്നും ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ലോറിക്കടിയിൽപെട്ട് ചതഞ്ഞരഞ്ഞേനെയെന്നും വിഡിയോ പങ്കുവച്ച് വിശാൽ ട്വീറ്റ് ചെയ്തു.കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, രവി വർമ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.

ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ, എസ് ജെ സൂര്യ, സുനിൽ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വിശാൽ ആരാധകരെ അറിയിച്ചിരുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്‌ഷൻ ഡിസൈൻ. എസ് വിനോദ് കുമാറാണ് നിർമാണം.

വിശാലിന്റെ സിനിമ സെറ്റിൽ അപടകങ്ങൾ തുടർക്കഥയാകുകയാണ്. മുൻ ചിത്രമായ ലാത്തിയുടെ സെറ്റിൽ വച്ച് രണ്ടുതവണ വിശാലിന് അപകടം സംഭവിച്ചിരുന്നു. ആദ്യ അപകടത്തിൽ കാൽമുട്ടിന് ചെറിയ പൊട്ടലുണ്ടായി. ഷൂട്ടിനിടെ വീണ്ടും അതേ കാലിന് പരുക്കേറ്റു. തുടർന്ന് താരത്തിന് സുഖം പ്രാപിക്കുന്നതുവരെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *