പിതാവിനെ അനുസ്മരിച്ച് വിധു വിന്‍സെന്റ്

ഞായറാഴ്ച അന്തരിച്ച പിതാവിനെ അനുസ്മരിച്ച് മകളും സംവിധായികയുമായ വിധു വിന്‍സെന്റ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പിതാവ് എം.പി. വിന്‍സെന്റിനെക്കുറിച്ചുള്ള ഓര്‍മകളും സിനിമയുടെ നിര്‍മ്മാണത്തില്‍ അച്ഛൻ തന്നെ പിന്തുണച്ചതിനെ കുറിച്ചും വിധു പങ്കുവെച്ചത്.

തന്റെ എല്ലാ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പപ്പയായിരുന്നുവെന്നും മാന്‍ ഹോള്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ വരെ ആ പിന്തുണ എത്തിയെന്നും അവര്‍ കുറിച്ചു.

പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവും. പക്ഷേ മകള് സിനിമ പിടിക്കാന്‍ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്നു പറയുന്ന അച്ഛന്‍മാരെ/ അമ്മമാരെ താന്‍ കണ്ടിട്ട് തന്നെയില്ലെന്ന് വിധു വിന്‍സെന്റ് എഴുതി. അങ്ങനെ പറയാനുള്ള യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അതു ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ സഹവര്‍തിത്വം താന്‍ തിരിച്ചറിഞ്ഞത്. അരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമക്ക് കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെന്‍ഷന്‍ കാശ് എടുത്തു തന്നു അദ്ദേഹം. ഒരു പാടൊന്നും സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണം കൊണ്ട് നിര്‍മ്മിച്ച സിനിമ സംസാരിച്ചുകൊള്ളുമെന്ന ഒരു ദീര്‍ഘദര്‍ശനം പപ്പായ്ക്കുണ്ടായിരുന്നുവോയെന്ന് അവര്‍ ചോദിച്ചു.

‘എന്നെ ഞാനാക്കുന്ന ഓരോ ഘടകത്തിലും പപ്പയുടെ സ്വാധീനം അത്രമേല്‍ ഉണ്ടെന്നത് ഞാന്‍ വൈകി മാത്രം തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. ചിന്തകളില്‍, എഴുത്തില്‍, വായനയില്‍ ഒക്കെ പപ്പാ വലിയൊരു സ്വാധീനമായിരുന്നു. വാടക വീടുകളിലെ ഞെരുക്കങ്ങള്‍ക്കിടയിലും തവണ വ്യവസ്ഥയില്‍ പ്രഭാത് ബുക്ക് ഹൗസില്‍ നിന്ന് റഷ്യന്‍ കഥാ പുസ്തകങ്ങള്‍ കൃത്യമായി വാങ്ങി കുട്ടികളായ ഞങള്‍ക്ക് തരുന്ന കാര്യത്തില്‍ ഒരു മുടക്കവും വരുത്താതിരുന്ന വിന്‍സന്റ് മാഷ്..’ അവര്‍ എഴുതി.

ശ്വാസകോശ സംബന്ധിയായ അസുഖത്തേത്തുടര്‍ന്നാണ് എം.പി. വിന്‍സെന്റ് അന്തരിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് കൊല്ലത്ത് നടക്കും.
ENTERTAINMEN

Leave a Reply

Your email address will not be published. Required fields are marked *