വാരിസ് – റിവ്യു

നമസ്കാരം,

യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. തമിഴകത്തിൻ്റെ ദളപതി, വിജയ് നായകനായെത്തിയ ‘വാരിസ് ‘ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളുമായാണ് ഇന്നേത്തിരിക്കുന്നത്. വംശി പൈദിപള്ളി സംവിധാനം ചെയ്ത ഈ ഫാമിലി – ആക്ഷൻ ഡ്രാമ, ഹരി – ആഷിഷോർ സോളമൻ എന്നിവർ ചേർന്നാണ് സംവിധായകനൊപ്പം എഴുതിരിക്കുന്നത്. ദിൽ രാജു- സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ്ക്ക് നായകയായി എത്തുന്ന രാശ്മിക മന്ദാനയ്ക്ക് പുറമേ, ശരത് കുമാർ, ജയസുധാ, പ്രകാശ് രാജ്, പ്രഭു, ശ്രീകാന്ത്, ശാം, യോഗി ബാബു തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം, അതിന് പിന്നിലുള്ള കുടുംബത്തിൻ്റെ കഥ കൂടി പ്രാധാന്യത്തോടെ പരിഗണിക്കുന്നു. എന്നാൽ ആ കുടുംബത്തിലെ ഇളയ മകനായ വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രനിലേക്ക് എത്തുന്നതോടെ ചിത്രം മെല്ലേ മുന്നോട്ട് നീങ്ങി തുടങ്ങുന്നു. ഒരു വലിയ കുടുംബവും അതിലെ ശിഥിലതയും ചുറ്റി കഥ പറയുന്ന സിനിമയിൽ വിജയ് തന്നെ കുടുംബത്തെ രക്ഷിക്കാൻ എത്തുന്നു. ആ ഉദ്യമത്തിൻ്റെ പര്യാവസാനമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

പ്രകടനങ്ങളിലേക്ക് വരുമ്പോൾ നായകൻ്റെ കുടുംബാംഗങ്ങളായി എത്തിയവർ തന്നെയാണ് മുൻപന്തിയിൽ. ജയസുധ അവതരിപ്പിച്ച അമ്മ വേഷം ഹൃദ്യമായിരുന്നു. വിജയയോടൊപ്പം വന്ന രംഗങ്ങൾ ഉഷ്മളമായിരുന്നു. ശാന്തയായ ഒരു കുടുംബിനിയായി നല്ല പ്രകടനം തന്നെയായിരുന്നു. അച്ഛൻ കഥാപാത്രമായെത്തിയ ശരത് കുമാറും മനോഹരമാക്കി. ശക്തനായ മനുഷ്യനിൽ നിന്ന് മാനസികമായും ശാരീരികമായും ദുർബലമാകുന്ന അവസ്ഥയിലേക്കുള്ള കഥാപാത്രത്തിൻ്റെ മാറ്റമൊക്കെ മികവോടെ വന്നു. മുഖ്യ കഥാപാത്രത്തിൻ്റെ സഹോദരൻമാരായി എത്തിയ ശ്രീകാന്ത്, ശാം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. രാശ്മികയുടെ നായിക വേഷം കുത്തി തിരുകിയതെങ്കിലും, കല്ലുകടിയുണ്ടാക്കാതെ കടന്നുപോയി. അടിമുടി വിജയ് സ്ക്രീനിൽ നിറഞ്ഞ സിനിമയിൽ അഭിനേതാവിന് സാധ്യതയുള്ള ഒരു രംഗം പോലും സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. ആരാധകരെ ആനന്ദിപ്പിക്കുന്ന വിജയ് കാഴ്ചകളെ ഒപ്പിയെടുക്കുമ്പോഴും താരമെന്ന നിലയിലും നടൻ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിനപ്പുറം രംഗങ്ങൾ കൂടുതൽ രസകരമാക്കാൻ പുറത്തെടുത്ത ചില ചേഷ്ട്ടകൾ ഇടയ്ക്ക് അലോസരപ്പെടുത്തുക തന്നെ ചെയ്തു.

മുൻപ് ഒരുപാട് വട്ടം കണ്ട ഇന്ത്യൻ കുടുംബചിത്രങ്ങളുടെ ആശയത്തിനൊപ്പം ആക്ഷൻ രംഗങ്ങളും വിജയ് എന്ന താരവുമാണ് ‘വാരിസി’ നെ വ്യത്യസ്തപ്പെടുത്തുന്നത്.സാധാരണമായ ആ തിരക്കഥയെ സംവിധായകൻ എടുത്ത പല തിരഞ്ഞെടുപ്പുകളും സിനിമയെ വ്യർത്ഥമാക്കി. ഒരു കുടുംബത്തിൻ്റെ വൈകാരിക തലങ്ങൾ പറയുന്ന പരിചിതമായ സാധ്യതയിൽ, നീള കൂടുതൽ ആയതോടെ ഇടയ്ക്കിടെ വന്ന നല്ല രംഗങ്ങളുടെ മാറ്റ് കൂടി ഇല്ലാതാവുന്നു. ചിത്രം എഡിറ്റ് ചെയ്ത പ്രവീൺ കെ.എൽ അതിനാൽ തന്നെ അൽപം കൂടി കർക്കശമായി തൻ്റെ ജോലി ചെയ്യേണ്ടിരുന്നു. സംഗീതത്തിലേക്ക് വരുമ്പോൾ തമ്മൻ എസ്. ആണ് ആ ഭാഗം ചെയ്തിരിക്കുന്നത്. ഗാനങ്ങൾ നന്നായിരുന്നു. എന്നാൽ ഊർജം സൃഷ്ടിക്കാതെ പോയ കഥാരംഗങ്ങളിൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിഷ്ക്രിയമായി മാറുന്നു. വില്ലൻ കഥാപാത്രമായെത്തിയ പ്രകാശ് രാജിന് പ്രകടനത്തിനുള്ള സാധ്യതകൾ വിരളമായിരുന്നു. ഉപരിപ്ലവമായി പോകുന്ന ചിത്രം പ്രേക്ഷകന് തീരാത്ത കാഴ്ചയായി അവസാനത്തോട് അടുക്കുമ്പോൾ അനുഭവപ്പെടുന്നു. ചിത്രത്തിലെ കുടുംബത്തിലെ പ്രശ്നങ്ങൾ അതിനാൽ തന്നെ പ്രേക്ഷകനെ അലട്ടുന്നില്ല. ചിത്രത്തിന് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 2 / 5. അടുത്ത ചിത്രവുമായി വരുന്നതു വരെ നന്ദി .

Leave a Reply

Your email address will not be published. Required fields are marked *