വാജ്പേയ്യുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ബോളിവുഡ്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. മേം അടൽ ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻ പിയുടെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.

നടൻ പങ്കജ് ​ത്രിപാഠിയാണ് വാജ്പേയിയുടെ വേഷത്തിൽ എത്തുന്നത്. കവി, രാഷ്ട്ര തന്ത്രജ്ഞൻ, നേതാവ്, മനുഷ്യ സ്നേഹി…എന്നിങ്ങനെ ബഹുമുഖമുള്ള വാജ്പേയിയെ ആണ് വെള്ളിത്തിരയിൽ കാണാനാവുക.

രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകൻ. ഉത്കർഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.

കാൽ നൂറ്റാണ്ടിലേറെയായി ഇംഗ്ലിഷ് മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കണ്ണൂർ സ്വദേശി ഉല്ലേഖ് എൻ.പി. രചിച്ച മൂന്ന് പുസ്തകങ്ങളിൽ ഒന്നാണ് ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’. ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ‘വാർ റൂം: ദി പീപ്പിൾ , ടാക്റ്റിക്സ് ആൻഡ് ടെക്നോളജി ബിഹൈൻഡ് നരേന്ദ്ര മോഡിസ് 2014 വിൻ’, ‘കണ്ണൂർ ഇൻസൈഡ് ഇന്ത്യയ്സ് ബ്ലൂടിയേസ്റ്റ് റിവഞ്ച് പൊളിറ്റിക്സ് എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. ‘കണ്ണൂർ പ്രതികാരരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ എന്ന പേരിൽ മലയാള പരിഭാഷയും വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *