ഒസ്കർ; ചെർപ്പുളശേരിക്കും അഭിമാനം

പാലക്കാട്: മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം ഹോളിവുഡിലെ ഡോൾബി തിയേറ്ററിലെ വേദിയിൽ ‘ദി എലിഫന്റ് വിസ്പറേഴ്സി’ന്റെ അണിയറപ്രവർത്തകർ ഏറ്റുവാങ്ങിയപ്പോൾ ചെർപ്പുളശ്ശേരിക്കും അതൊരു അഭിമാനനിമിഷമായി.

പുരസ്‌കാരം നേടിയ ‘ഡോക്യുമെന്ററിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം’. ‘ദ എലിഫന്റ് വിസ്പറേഴ്സി’ന്റെ സൗണ്ട് മിക്‌സിങ് നിർവഹിച്ച എൻ.ബി. വൈശാഖ് പറഞ്ഞു. ഋഗ്വേദ ഭാഷാപണ്ഡിതൻ വെള്ളിനേഴി ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ മകൾ സതിയുടെയും ഗുരുവായൂർ നെന്മിനിമന ഭവത്രാതൻ ഭട്ടതിരിപ്പാടിന്റെയും മകനാണ് വൈശാഖ്.

ജനനവും ബാല്യവും പ്രാഥമികവിദ്യാഭ്യാസവുമെല്ലാം ഗുരുവായൂരിൽ. പിന്നീട് അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി കാറൽമണ്ണയിലേക്ക് താമസംമാറി. ഹൈസ്‌കൂൾവിദ്യാഭ്യാസം ചെർപ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെൻട്രൽ (ശബരി സെൻട്രൽ സ്‌കൂൾ) സ്‌കൂളിലായിരുന്നു. ചെന്നൈ സ്‌കൂൾ ഓഫ് ഓഡിയോ എൻജിനിയറിങ് (എസ്.എ.ഇ.) സൗണ്ട് എൻജിനിയറിങ്ങും പൂർത്തിയാക്കി. ചെന്നൈയിലെ ഡി.എൽ.ഡി. ഡിസൈൻ സ്റ്റുഡിയോയിലെ സൗണ്ട് മിക്‌സിങ് സംഘത്തിലെ പ്രധാനിയാണിപ്പോൾ.

ചെന്നൈ സ്വദേശി ലോറൻസ് വിഷ്ണുവിനൊപ്പം വൈശാഖും ചേർന്നാണ് ഡോക്യുമെന്ററിയുടെ സൗണ്ട് മിക്‌സിങ് നിർവഹിച്ചത്.നിരവധി തമിഴ് സിനിമകളിലും പരമ്പരകളിലും പങ്കാളിയായി. 20 വർഷത്തോളമായി തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നിങ്ങനെ നൂറിൽപ്പരം പ്രോജക്ടുകളിൽ സൗണ്ട് എൻജിനിയറാകാൻ അവസരമുണ്ടായെന്നും വൈശാഖ് പറഞ്ഞു. ഹോമിയോ ഡോക്ടർ ആതിരയാണ് ഭാര്യ.
മകൾ ധ്വനി. കുടുംബസമേതം ചെന്നൈയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *