രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘കള’ എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ‘ടിക്കി ടാക്ക’എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നു നിര്‍മിക്കുന്നു. ചിത്രം കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളില്‍ ആണ് ഒരുങ്ങുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *