“തുറമുഖം’ തിയറ്ററുകളില്‍

കാര്‍മേഘം മാറി, കാറ്റും കോളും ഒഴിഞ്ഞു, ‘തുറമുഖം’ മാര്‍ച്ച് 10ന് തിയറ്ററുകളില്‍, പുതിയ ടീസറുമായി അണിയറപ്രവര്‍ത്തകര്‍, പ്രേക്ഷകരെ കാത്തിരിക്കുന്നത് ആക്ഷന്‍-ഇമോഷണല്‍ ഡ്രാമ

മലയാളത്തിന്റെ പ്രിയ യുവതാരം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം തീയെറ്ററുകളിലേക്ക്. രാജീവ് രവിയാണ് ചിത്രത്തിന്‍െ്‌റ സംവിധാനം. ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേര്‍ ലേബര്‍ കോണ്ട്രാക്ടര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. കോണ്ട്രാക്ടര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികള്‍ പരസ്പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പ്പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *