തുറമുഖം റിവ്യൂ

തുറമുഖം റിവ്യൂ

നമസ്കാരം,
യൂ ടോക്കിന്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ഇന്നേത്തിയിരിക്കുന്നത്. മട്ടാഞ്ചേരി തുറമുഖത്തിലെ അനീതി നിറഞ്ഞ ‘ചാപ്പ’ സമ്പ്രദായത്തെ മുൻനിർത്തി കഥ പറയുന്ന ഈ ചരിത്ര സിനിമ നിർമ്മിച്ചിരിക്കുന്നത് സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാലത്തെ അടയാളപ്പെടുത്തുന്ന സിനിമയിൽ ഒരു നീണ്ട താരനിര തന്നെയുണ്ട്. അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, ജോജു ജോർജ്, ഇന്ദ്രജിത്ത്, നിമിഷ സജയൻ, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ എന്നിവർക്ക് പുറമേ നിരവധിയായ ശ്രദ്ധേയപ്രകടനങ്ങളും പ്രത്യക്ഷപ്പെടുന്നു. പഞ്ഞത്തിന്റെയും പരിവട്ടങ്ങളുടെയും കറുത്ത കാലത്തെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന സിനിമ ശുദ്ധജലവും അരിയും കിട്ടാത്ത കുടിലുകൾ മുതൽ പ്രാകൃതമായ ചാപ്പയ്ക്കുവേണ്ടി മല്ലിടുന്ന ആണിടങ്ങൾ വരെ രേഖപ്പെടുത്തുന്നു.

ചിത്രത്തിന് ശക്തമായ അടിത്തറ പാകിയ ആദ്യ മണിക്കൂറിൽ ജോജു ജോർജിന്റെ മൈമൂത് തന്നെയാണ് തിടം വെച്ച പ്രകടനമായി ആർത്തലച്ചു നിന്നത്. ആ പ്രകടന ബലിയിൽ കരുതാർജ്ജിക്കുന്ന സിനിമ അടുത്ത തലമുറയിലേക്ക് കഥയെ നടത്തുന്നു. ചാപ്പ സമ്പ്രദായത്തെ നിയന്ത്രിക്കുന്ന സംവിധാനവും അവയുമായി പൊരുതാൻ തൊഴിലാളി യൂണിയനുകളും രൂപപ്പെടുന്നു. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും നടുവിൽ മൈമൂതിന്റെ മക്കളായ മൊയ്തുവും ഹംസയും വളരുന്നു. അവരും ഈ സിസ്റ്റത്തിൻ്റെ തന്നെ ഭാഗമാകുന്നു. തൊഴിലാളികളുടെ അധ്വാനത്തെ ഊറ്റി പിഴിയുന്ന ചൂഷകനായ പച്ചിക്ക് എന്ന കഥാപാത്രമായി സുദേവ് നായർ നിറഞ്ഞാടി. വിവിധ പ്രായങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിനായി ശ്രമകരമായ ശാരീരിക മാറ്റങ്ങളും നടൻ നടത്തിയിട്ടുണ്ട്. ചൂഷകനും ചൂഷിതനുമിടയിലുള്ള ഈ ചേരി തിരിയലിൽ മൊയ്തു മുതലാളിക്കൊപ്പം ചേരുന്നു. ഹംസ സമരക്കാർക്കൊപ്പവും.

തൊഴിലാളി യൂണിയനുകളുടെ തുടക്കവും വളർച്ചയും പോരാട്ടവും വിപ്ലവ അധ്യായങ്ങളും പറഞ്ഞു പോകുന്ന സിനിമ, ദാരിദ്ര്യത്തിൽ ദ്രവിക്കുന്ന, സിസ്റ്റത്തിന്റെ ഇരകളായി അമരുന്ന നിസ്സാര മനുഷ്യജന്മങ്ങളെ കോറിയിടുന്നു. അവർക്കിടയിൽ അമ്മയായി ജീവൻ വെച്ചു വിളമ്പുന്ന പൂർണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രം ഒരു ഏകാന്ത നൊമ്പരമായി മട്ടാഞ്ചേരിയിലെ ചേരിക്കുടിലുകളിലെ പുകയുന്ന അടുപ്പിലും വെള്ളം ഇല്ലാത്ത പൈപ്പിൻ ചുവടുകളിലും നിലവിളിക്കുന്നു. ചില്ലറ അണകൾക്കും കാശിനുമായി കഞ്ഞിവെക്കാൻ കലമ്പി തീരുന്ന ഉമ്മയായി, പൂർണിമ ഒരു കാലത്തിലെ ഉൾക്കാഴ്ചകളെ പ്രകടനം കൊണ്ട് അടയാളപ്പെടുത്തുന്നു. ഒരേ വ്യവസ്ഥിതിയിലെ വ്യത്യസ്ത ഇരകളായി, മക്കളായ മൊയ്തുവും ഹംസയും ഇല്ലാതാവുമ്പോൾ ചൂഷണ മുതലാളിത്തത്തെയും വർഗ്ഗസമരങ്ങളെയും ഒരുപോലെ പരിഗണിക്കാൻ സംവിധായകൻ വിജയിക്കുന്നു. ചെന്നു ചേരുന്ന വഴികൾ പലതെങ്കിലും ഇരകളുടെ രോദനവും നിലവിളികളും ഒന്നുതന്നെ. ഭാവുകങ്ങളെ ഭയക്കാതെ ചലച്ചിത്ര നിർമിതിയുടെ സ്വതസിദ്ധതയെ കൂട്ടുപിടിക്കുന്ന ഈ ചലച്ചിത്ര ശില്പം കൂസലില്ലായ്മയിലുള്ള ഒരു നീണ്ട ഹാർബർ കാഴ്ചയാണ്. സംവിധായകൻ തന്നെ ക്യാമറ കൈയിലെന്തുന്ന അനന്തസാധ്യതകൾ ചിത്രത്തെ സമ്പന്നമാക്കുന്നു. ‘കെ’ – യും ഷഹബാസ് അമനും കൈകാര്യം ചെയ്ത സംഗീതം ഈ മങ്ങിയ ജീവിതങ്ങളെ നിറം പിടിച്ച നേർത്ത പാളികളായി, സാന്ദ്രമാക്കി. ഉറപ്പില്ലാത്ത തൊഴിലവസരങ്ങൾ, മണ്ണിട്ട് മൂടുന്ന മനുഷ്യരെ ബി.അജിത് കുമാർ എഡിറ്റിങ്ങിൽ പൂർണ്ണതയിൽ ചേർത്തുവയ്ക്കുന്നു.

സമരങ്ങളും മുദ്രാവാക്യങ്ങളും ഉച്ചസ്ഥായിയിൽ ആവുന്ന പരിസമാപ്തിയിൽ വിപ്ലവത്തിന്റെ ചൂടും ചൂരും ഓരോ പ്രേക്ഷകനും അനുഭവഭേദ്യമാകുന്നു. ഗോപൻ ചിദംബരൻ തിരക്കഥയിൽ സൃഷ്ടിച്ച കടൽവരമ്പുകളിലെ ഈ പടുകുഴിയിലെ ലോകം കാണുന്നവരുമായി സംവദിക്കുന്നു. കഥാപാത്രങ്ങൾ കാണികളുമായി കലഹിക്കുന്നു. മട്ടാഞ്ചേരി ഹാർബറിൻറെ തുറന്ന മുഖങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ചലച്ചിത്ര സാക്ഷ്യത്തിന് യൂടോക്ക് നൽകുന്ന റേറ്റിംഗ് 3.5 ഔട്ട് ഓഫ് ഫൈവ്. അടുത്തൊരു ചിത്രവുമായി വരുന്നതുവരെ, നന്ദി.

Leave a Reply

Your email address will not be published. Required fields are marked *