നിവിന്‍ പോളി നായകനാകുന്ന തുറമുഖം പ്രേക്ഷകരിലേക്ക് എത്തി

നിവിന്‍ പോളി നായകനാകുന്ന തുറമുഖം പ്രേക്ഷകരിലേക്ക് എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നിവിന്‍പോളി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിന്നു.

തുറമുഖം ഒരു അടി- ഇടി പടമല്ലെന്നും എന്നാല്‍ കൃത്യമായി രാഷ്ട്രീയം പറയുന്ന, ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിവിന്‍പോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തുറമുഖം വളരെ വേഗത്തില്‍ കഥ പറഞ്ഞ് പോകുന്ന സിനിമയല്ലെന്ന് നിവിന്‍ പറയുന്നു. എന്നാല്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രസകരമായാണ്. ഒരു അടി-ഇടി പടമല്ല തുറമുഖം. ഇതില്‍ എല്ലാമുണ്ട്. ബന്ധങ്ങളെപ്പറ്റി ചിത്രം പറഞ്ഞുപോകുന്നുണ്ട്. അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരൊക്കെ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് സിനിമ പറയുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയം കൂടി ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. നിവിന്‍ പോളിക്ക് പുറമെ ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
entertainment desk utalk

Leave a Reply

Your email address will not be published. Required fields are marked *