തുനിവ് – റിവ്യു

തുനിവ് – റിവ്യു

നമസ്കാരം,

യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധായകരിൽ ഒരാളായ എച്ച്. വിനോദ്, തൻ്റെ തുടരുന്ന അജിത്ത് കൂട്ടുകെട്ടിലുള്ള, ഏറ്റവും പുതിയ ചിത്രമാണ് ‘ തുനിവ് ” . സ്വകാര്യ ബാങ്കിംഗ് മേഖലയിലെ അനധികൃത പണമിടപ്പാടുകളെ പരിചയപ്പെടുത്തി തുടങ്ങുന്ന സിനിമയിൽ അജിത്ത് കുമാറിന് പുറമേ മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കോക്കൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സീ സ്റ്റുഡിയോസിന് വേണ്ടി ബോണി കപ്പൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു സ്വകാര്യ ബാങ്കിൻ്റെ ചെന്നൈയിലെ ആസ്ഥാനത്ത് ഒരു സംഘം കൊള്ളയടിക്കാനായി അതിക്രമിച്ചു കിടക്കുന്നതിലൂടെ പുരോഗമിക്കുന്ന ചിത്രത്തിൽ അജിത്ത് എന്ന താരത്തിൻ്റെ പ്രവേശനം മുതൽ സ്ക്രീൻ ആരാധകർക്ക് സ്വന്തമാണ്. കാഴ്ചയിലും വസ്ത്രാലങ്കാരത്തിലും കഥാപാത്രത്തിന് നൽകുന്ന ലാഘവബുദ്ധിയോട് കൂടിയ പെരുമാറ്റ രീതിയും ‘തല’ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നു. ആദ്യ പകുതി പൂർണ്ണമായും ആരാധകരെ പരിഗണിച്ച് എടുത്ത സിനിമ കഥാഗതിയിലേക്ക് എത്താൻ സമയമെടുക്കുന്നു. നിർത്താതെയുള്ള വെടിവെയ്പ്പുകളും വലിയ സ്ഫോടനങ്ങളും സമൃദ്ധമായ ആദ്യ പകുതിയിൽ കഥാപശ്ചാത്തലവും പരിസരവും ഉട്ടിയുറപ്പിക്കുന്നു. ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ ചടുലമാക്കുന്നതിൽ ജിബ്രാൻ്റെ പശ്ചാത്തല സംഗീതം നീതി പുലർത്തുന്നു. ഗാനങ്ങൾ ശരാശരിയായി അനുഭവപ്പെട്ടു. അക്രമിക്കപ്പെട്ട ഒരു ബാങ്കും അവിടുത്തെ ഏറ്റുമുട്ടലുകളും ഭൂരിഭാഗം വരുന്ന സിനിമയുടെ, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നീരവ് ഷാ ആണ്. വളരെ വേഗത്തിലുള്ള കാഴ്ചകളെ സംവിധായകൻ്റെ കണ്ണായി തന്നെ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളെക്കാളുപരി വ്യക്തതയാർന്ന ചിത്രീകരണം തന്നെയാണ് ക്യാമറമാൻ നടത്തിരിക്കുന്നത്.

രണ്ടാം പകുതിയിലെത്തുമ്പോൾ സംഭവവികാസങ്ങൾക്ക് പിന്നിലെ ചുരുളുകൾ അഴിയുന്ന വേളയിൽ, സാമൂഹിക പ്രസക്തമായ, പലപ്പോഴും നിശബ്ദമായി ജനജീവതത്തെ ബാധിക്കുന്ന ഒരു വിഷയത്തിലേക്ക് സംവിധായകൻ പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നു. കാണുന്നവരെ അവബോധപ്പെടുത്തുന്ന, ബോധവാനാക്കുന്ന ആ വിപത്ത് എന്നാൽ, എഴുത്തിൻ്റെ ഭാഗം വരുമ്പോഴാണ് ദുർബലമാകുന്നത്. സംവിധായകൻ തന്നെ എഴുതിയ തിരക്കഥ അതിനാൽ തന്നെ പ്രസക്തമായ വിഷയത്തിൻ്റെ ക്രിയത്മക രചനാ സങ്കേതങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. എഴുത്ത് സുഷ്ക്കമാകുമ്പോഴും സംവിധായകനെന്ന നിലയിൽ എല്ലാ സാധ്യതകളും എച്ച്. വിനോദ് വിനിയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തിരക്കഥയിലെ അഭാവം അവയെ പരിമിതപ്പെടുത്തുന്നു. ആകാംഷ ഉയർത്തിക്കൊണ്ട് അനാവൃതമാകുന്ന മഞ്ജു വാര്യരുടെ ‘കണ്മണി’ എന്ന കഥാപാത്രം പിന്നീട് കൂടുതലായി മുന്നേറുന്നില്ല. പ്രാധാന്യമർഹിക്കുന്ന വേഷമെങ്കിലും പരിമിതമായ പ്രകടനവസരമാണ് കാട്ടിരിക്കുന്നത്. മാത്രമല്ല അജിത്തിൻ്റെ കഥാപാത്രവുമായുള്ള ‘കണ്മണി’ യുടെ ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കാത്തതും, നായകൻ്റെ മുൻ അവസ്ഥാന്തരങ്ങൾ എന്തായിരുന്നുവെന്ന് പറയാതെ പോവുന്നതും പ്രേക്ഷകരെ നിർജീവമാക്കുന്നു. സുപ്രീം സുന്ദർ കൈകാര്യം ചെയ്ത ആക്ഷൻ രംഗങ്ങളിൽ ഇൻറർവെല്ലിന് ശേഷം വന്നത് കാഴ്ചകളെ സജീവമാക്കി. കൂടുതൽ സംവദിക്കാൻ ശ്രമിക്കുന്ന രണ്ടാം പകുതിയിൽ നല്ലൊരു പുന:ർചിന്ത ആവശ്യപ്പെടുമ്പോഴും ബാങ്ക് – കൊള്ള ആസ്പദമായുള്ള സിനിമകളുടെ വാർപ്പു മാതൃകകളുടെ ഒരു തുടർച്ചയായി തന്നെ തുനിവ് മാറുന്നു. സമൂഹത്തിനുവേണ്ടി തുനിഞ്ഞിറങ്ങിയവൻ്റെ കഥ പറഞ്ഞ സിനിമയ്ക്ക് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 2.5/5. അടുത്ത ഒരു ചിത്രവുമായി വരുന്നതുവരെ. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *