തങ്കം – റിവ്യൂ

നമസ്കാരം,
യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. ഭാവന സ്റ്റുഡിയോസിന് വേണ്ടി ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, ഷഹിദ് അരാഫത്ത് സംവിധാനം ചെയ്ത “തങ്കം” എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളുമായാണ് ഇന്നേത്തിരിക്കുന്നത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മലയാളത്തിന് പുറമേ, തമിഴ് – ഹിന്ദി ഭാഷയിൽ നിന്നുള്ള നടീനടൻമാരും അണിനിരക്കുന്നു. ശ്യാം പുഷ്കരനാണ് ചിത്രം രചിച്ചിരിക്കുന്നത്.
ക്രൈം – ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന സിനിമ രാജ്യത്തിലെ സ്വർണ്ണ വ്യാപരത്തിൻ്റെ തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിനെ മുൻനിർത്തിയാണ് മുന്നേറുന്നത്. അനധീകൃത സ്വർണ്ണാഭരണ നിർമ്മാണത്തിലെ ഏജൻ്റുകളായ മുത്തു, കണ്ണൻ എന്നിവരെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ജ്വല്ലറികളിലേക്ക് എത്തുന്ന, ബോംബെ വരെ നീളുന്ന സ്വർണ്ണ കച്ചവടത്തിൻ്റെ കാണാകാഴ്ച്ചകൾ സംവിധായകൻ പ്രേക്ഷകർക്ക് മുൻപിൽ തുറന്ന് വെയ്ക്കുന്നു. ‘ദേവി നീയേ’ എന്ന് തുടങ്ങുന്ന ബിജിപാൽ ഈണമിട്ട ഗാനത്തോടെ ആരംഭിക്കുന്ന ചിത്രം ചടുലമായി കഥയിലേക്ക് പ്രവേശിക്കുന്നു. കോയമ്പത്തൂരിലേക്കും മുംബൈയ് ലേക്കും വ്യാപിക്കുന്ന ചിത്രത്തിൽ, യാദൃചികമായ ഒരു വികാസത്തോടെ ചിത്രം ഇറുക്കി പിടിക്കുന്ന ഒരനുഭവമായി പ്രേക്ഷകരെ കൂടെ കൂട്ടുന്നു.
പ്രകടനങ്ങളിലേക്ക് വരുമ്പോൾ ബിജു മേനോൻ്റെ മുത്തുവും, വിനീത് ശ്രീനിവാസൻ്റെ കണ്ണനും വ്യക്തമായ സ്വഭാവസവിശേഷതകൾ നിറഞ്ഞതും അവതരണത്തിൽ മികവ് നിറഞ്ഞതുമായിരുന്നു. സിനിമയിൽ ഉടനീളം ഇല്ലാത്തിരുന്നിട്ടു പോലും വിനീത് ശ്രീനിവാസൻ്റെ കണ്ണൻ, വിശ്വാസവും കപടതയും യാഥാർത്ഥ്യബോധവും ഇടകലർന്ന ഒരപ്രതീക്ഷിത കഥാപാത്രമായിരുന്നു. ബിജുമേനോൻ തൃശ്ശൂർ ഭാഷയുടെ തെളിവാർന്ന ഉപയോഗവും സ്വാഭാവിക നർമ്മം കൊണ്ടും വേഷം ഭംഗിയാക്കി. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഉള്ള ഫൈറ്റ് ഒക്കെ ഉദ്ദേശിച്ച പ്രതീതി സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
ചതിയും ഒറ്റു കൊടുക്കലും നേരിൽ നിന്ന് മാറിയുള്ള സ്വർണ വ്യാപാരവും ഓരോ മനുഷ്യരെ എപ്രകാരം ജീവിതത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും തെറ്റിന്റെ വഴികളിൽ ശരിയെ അന്വേഷിക്കുമ്പോൾ പരാജയങ്ങൾ എങ്ങനെ നേരിടുന്നു എന്നും ചിത്രം വരച്ചുകാട്ടുന്നു. ഓരോ യാത്രയും ഒരു തിരഞ്ഞെടുപ്പ് ആണെന്നും പിന്നോട്ടു നോട്ടം വിഫലമാണെന്നും ചിത്രം പറയാതെ പറയുന്നു. പിന്നോട്ട് നോക്കുന്നവർ ആ വഴിയിൽ വിജയിക്കില്ല. ന്യായരഹിതമായ മാർഗ്ഗങ്ങളിൽ ആ പകച്ചു നിൽക്കലുകൾക്ക് വിലമതിക്കാനാവാത്ത വില നൽകേണ്ടിവരുന്നു. ആ പാതയിൽ കണ്ണൻ എന്ന ഗോൾഡ് ഏജന്റ് കൊല്ലപ്പെടുന്നു. തുടർന്ന് കുറ്റാന്വേഷണത്തിന്റെ പാതയിൽ പോകുന്ന സിനിമ മഹാരാഷ്ട്ര പോലീസിലെ ഗിരീഷ് കുൽക്കർണി അവതരിപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥനിലേക്ക് എത്തുമ്പോൾ ചിത്രം ആകാംക്ഷ നിറയ്ക്കുന്നു.
അതിൽ ഗിരീഷ് കുൽക്കർണി എന്ന നടന്റെ പ്രകടനം തന്നെയാണ് ഏറ്റവും മികച്ചു നിന്നത്. തഴക്കം വന്ന പ്രകടന മേന്മയിൽ ഹിന്ദിക്കാരനായ ഒരു പോലീസുകാരന് മലയാളം – തമിഴ് സാഹചര്യങ്ങളിലുള്ള ഒരു കേസ് അന്വേഷിക്കുമ്പോഴുള്ള വെല്ലുവിളികൾ ഒക്കെ പ്രേക്ഷകരെ അനുഭവിപ്പിച്ചു.
എഴുത്ത് തന്നെയാണ് സിനിമയുടെ നട്ടെല്ല്. ശ്യാം പുഷ്കരന്റെ സംഭാഷണങ്ങൾ കുറിക്കു കൊള്ളുന്നതും ജീവിതസാഹചര്യങ്ങളെ അത്യന്തം ബന്ധിപ്പിക്കുന്നതുമാകുന്നു. ദേശങ്ങൾ മാറുമ്പോഴും മനുഷ്യന്റെ കഥയെ, പെരുമാറ്റത്തെ, കഥാപാത്ര പുരോഗതിയെ ഒക്കെ സാമൂഹ്യ നിരീക്ഷണത്താലും വേറിട്ട കഥ സഞ്ചാരങ്ങൾ കൊണ്ടും കൃത്യമായ ദൃശ്യാനുഭവമാക്കുന്നതിൽ എഴുത്തുകാരന്റെ മുന്നൊരുക്കങ്ങൾ ഉജ്ജ്വലമായി വന്നു.
ഒരു വേള മാത്രം വന്നു പോകുന്ന ചെറിയ വേഷങ്ങൾ പോലും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നു. നർമ്മത്തെ നന്നായി പരിശോധിച്ചു സിനിമയിൽ പ്രയോഗിച്ചപ്പോഴെല്ലാം, എല്ലാ അവസരങ്ങളിലും ഫലവത്തായി. പുതുമ തുളുമ്പിയ ക്ലൈമാക്സ് ചിത്രത്തിന്റെ ആദ്യമദ്ധ്യാന്തം ബന്ധിപ്പിക്കുന്ന മികച്ച അവസാനം സമ്മാനിക്കുന്നു. ജീവിതാവസ്ഥകളാൽ ഏറ്റവും അപ്രതീക്ഷിതമായി ചിന്തിക്കുന്ന മനുഷ്യമനസ്സിനെ കാട്ടി കൊടുക്കുന്ന തങ്കം എന്ന ചിത്രത്തിന് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 4/5. അടുത്തൊരു ചിത്രവുമായി വരുന്നതുവരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *