വിവാദ പരാമർശങ്ങൾ വിശദീകരണവുമായി സുരേഷ് ​ഗോപി

കഴിഞ്ഞ ദിവസങ്ങളിലായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരുന്നു. അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചത്. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം. എന്നാൽ പുറത്ത് വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും, താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു.

”എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നിൽ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, പക്ഷേ കൃത്യമല്ലാത്ത സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂർണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് യാതൊരു അനാദരവുമില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ താൽപര്യത്തെ തൃപ്തിപ്പെടുത്താൻ അവർ ഞാൻ പറഞ്ഞിനെ മുറിച്ചു കഷണങ്ങളാക്കി.

എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദർശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാൻ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർത്ഥിക്കും.

ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങൾക്കായി, പൊളിട്രിക്സ് എടുക്കാൻ ആരെയും അനുവദിക്കില്ല. ഞാൻ അതിനെ പൂർണ്ണമായും എതിർക്കുന്നു. എന്റെ ഉദ്ദേശം ഞാൻ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാൻ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,” സുരേഷ് ഗോപി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *