എംകെ സ്റ്റാലിന്റെ ബയോപിക് ചലച്ചിത്രം ഒരുക്കാന്‍ നടന്‍ കമല്‍ഹാസന്‍ ശ്രമം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

മധുര: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ബയോപിക് ചലച്ചിത്രം ഒരുക്കാന്‍ നടന്‍ കമല്‍ഹാസന്‍ ശ്രമം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നടന്‍ വടിവേലുവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മധുരയില്‍ സ്റ്റാലിന്റെ 70ാം ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വടിവേലു.

മധുരയിലെ 3 ഏക്കറോളം സ്ഥലത്ത് ഒരുക്കിയ പ്രദര്‍ശനം കമല്‍ഹാസനാണ് ഉദ്ഘാടനം ചെയ്തത്. ‘നമ്മുടെ മുഖ്യമന്ത്രി, നമ്മുടെ അഭിമാനം’ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. കഴിഞ്ഞ ദിവസമാണ് വടിവേലു പ്രദര്‍ശനം സന്ദര്‍ശിച്ചത്.

ഫോട്ടോ പ്രദര്‍ശനം കാണുമ്പോള്‍ വളരെ ആശ്ചര്യം തോന്നുന്നുണ്ടെന്നും. ഇവിടെ പ്രദര്‍ശിച്ച സംഭവങ്ങള്‍ എല്ലാം സത്യമാണെന്നും വടിവേലു പറഞ്ഞു. സമരങ്ങളിലൂടെയാണ് എംകെ സ്റ്റാലിന്‍ വളര്‍ന്ന് നേതാവായി മാറിയതെന്ന് വടിവേലു പറഞ്ഞു. ജയലളിത, എംജിആര്‍, ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രധാന വ്യക്തികള്‍ക്കൊപ്പമുള്ള സ്റ്റാലിന്റെ ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ടെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്റ്റാലിന് വൈകിയ വേളയില്‍ ജന്മദിനാശംസകള്‍ നേരുന്നുവെന്നും വടിവേലു പറഞ്ഞു.

ഒപ്പം തന്നെ സ്റ്റാലിന്റെ ബയോപികുമായി ബന്ധപ്പെട്ട വിവരങ്ങളും വടിവേലു പങ്കുവെച്ചു. പ്രദര്‍ശനത്തിലെ ഏത് ഭാഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വടിവേലുവിനോട് ചോദിച്ചപ്പോളാണ് പുതിയ വിവരങ്ങള്‍ വടിവേലു വെളിപ്പെടുത്തിയത്. ‘ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം സ്റ്റാലിന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ നേരിട്ട മര്‍ദ്ദനം എല്ലാവരുംകേട്ടിട്ടുണ്ട്. അതിന്റെ ആവിഷ്‌കാരം ഇവിടെ അവതരിപ്പിച്ചത് മികച്ചതായിരുന്നു.’

ഒപ്പം തന്നെ ഈ സംഭവത്തെ ആസ്പദമാക്കി കമല്‍ഹാസന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഇരുന്നതാണ്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ സ്റ്റാലിനായി അഭിനയിക്കാനായിരുന്നു തീരമാനമെന്ന്് വടിവേലു വെളിപ്പെടുത്തി. എന്നാല്‍ മാമന്നന്‍ തന്റെ അവസാന ചിത്രമാണെന്ന് അതിനിടയില്‍ ഉദയനിധി പ്രഖ്യാപിച്ചു. അതോടെ ഈ പ്രൊജക്ട് നിന്നു പോയി.

സിനിമ ചെയ്തിരുന്നെങ്കില്‍ സ്റ്റാലിന്‍ ജയിലില്‍ അനുഭവിച്ച പീഡനങ്ങളും, നടത്തിയ പോരാട്ടവും ജനം അറിയുമായിരുന്നുവെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു. ഈ സിനിമ വീണ്ടും തുടങ്ങാനുള്ള സാധ്യതയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്. ഉദയനിധി സ്റ്റാലിന്‍ വിചാരിച്ചാല്‍ മാത്രമേ ഇത് നടക്കൂ എന്ന് കമല്‍ഹാസന്‍ പോലും പറഞ്ഞതായി വടിവേലു പറഞ്ഞു.

തമിഴ് സിനിമ ലോകത്തിലെ വലിയ പേരാണ് കഴിഞ്ഞ കുറച്ചുകാലമായി ഉദയനിധി സ്റ്റാലിനും, ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജൈന്റ് മൂവിസും. ഇവരാണ ്ഇപ്പോള്‍ തമിഴിലെ സിനിമ വിതരണ വിപണി നിയന്ത്രിക്കുന്നത് എന്നാണ് സംസാരം. ഒപ്പം നിരവധി സിനിമകളില്‍ നായകനുമായിട്ടുണ്ട് ഉദയനിധി. കഴിഞ്ഞ ഡിസംബറിലാണ് ഉദയനിധി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായ പിതാവ് എംകെ സ്റ്റാലിന്റെ മന്ത്രിസഭയില്‍ അംഗമായത്. യുവജന- സ്‌പോര്‍ട്‌സ് വകുപ്പുകളാണ് ചെക്‌പോക്കില്‍ നിന്നുള്ള എംഎല്‍എയായ ഉദയനിധി വഹിക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ താന്‍ സിനിമ അഭിനയം ഉപേക്ഷിച്ചതായി ഉദയനിധി പ്രഖ്യാപിച്ചിരുന്നു.

വിക്രം എന്ന കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ഉദയനിധി. അതിനാല്‍ തന്നെ കമലിന്റെ ഒരു ചിത്രത്തില്‍ ഉദയനിധി നായകനാകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉദയനിധി ഈ ഓഫര്‍ നിരസിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് വന്നത്. അത് സ്വന്തം പിതാവിന്റെ ബയോപികായിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *