ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിട്ട് റഷ്യ

ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിട്ട് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ‘ദി ചലഞ്ച്’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ ഒരു കോസ്മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്.

റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ ആന്റണ്‍ ഷ്‌കാപ്ലെറോവ്, നോവിസ്‌കി, യോറ്റര്‍ ദുബ്രോവ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ 35-40 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ചിത്രീകരിച്ചത് ബഹിരാകാശ നിലയത്തില്‍ വെച്ചാണ്. ഏപ്രില്‍ 12 നാണ് ‘ദി ചലഞ്ച്’ പുറത്തിറങ്ങുക.

റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഖ്യാതി ഉയര്‍ത്താനും കോസ്മോനട്ട് ജോലിയുടെ മഹത്വമുയര്‍ത്താനുമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത് എന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ്.

2020 നവംബറിലാണ് റോസ്‌കോസ്മോസ് ഈ സിനിമാ ചിത്രീകരണ പദ്ധതി പ്രഖ്യാപിച്ചത്. നടിയായ യൂലിയ പെരിസില്‍ഡും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപ്പെന്‍കോയും റഷ്യന്‍ കോസ്മോനട്ട് അആന്റണ്‍ ഷ്‌കപ്ലെറോവിനൊപ്പം 2021 ഒക്ടോബറില്‍ നിലയത്തിലേക്ക് പോവുകയും അവിടെ 12 ദിവസത്തോളം ചിലവഴിക്കുകയും ചെയ്തു.

ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം ആണ് ദി ചലഞ്ച് എങ്കിലും ബഹിരാകാശത്ത് വെച്ചുള്ള ആദ്യ വീഡിയോ ചിത്രീകരണം ഇതല്ല. 1982 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സല്യൂട്ട് 7 (ടമഹ്യൗ േ7) എന്ന ബഹിരാകാശ നിലയത്തില്‍ വെച്ചും അവിടെക്ക് യാത്ര ചെയ്യാനുപയോഗിച്ച സോയുസി ടി-9 പേടകത്തില്‍ വെച്ചും ദൗത്യം വിശദീകരിച്ചുകൊണ്ടുള്ള ‘റിട്ടേണ്‍ ഫ്രം ഓര്‍ബിറ്റ്’ എന്നൊരു വീഡിയോ ചിത്രീകരിച്ചിരുന്നു. പിന്നീട് 24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വകാര്യ പിന്തുണയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സഞ്ചാരി റിച്ചാര്‍ഡ് ഗാരിയോട്ട് ‘ അപ്പൊജീ ഓഫ് ഫിയര്‍’ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രവും ചിത്രീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *