നിയമസഭാ മന്ദിരം കാണാനെത്തി നടി ഷീല

തിരുവനന്തപുരം: നിയമസഭാ മന്ദിരം കാണാനെത്തി നടി ഷീല. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ സ്പീക്കറുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.

”പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ല, കാണണമെന്ന ആഗ്രഹമുണ്ട്”- പ്രശസ്ത നടി ഷീല തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാന്‍ ഷീല എത്തി. സ്പീക്കര്‍ എ.എന്‍.ഷംസീറും ഉദ്യോഗസ്ഥരും നടിയെ സ്വീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയില്‍ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം നടി ഷീല മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ശേഷം അവര്‍ സഭയിലെ വിഐപി ഗാലറിയില്‍ എത്തി. രാവിലെ തല്‍ക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോള്‍ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി. സഭയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കര്‍ വിശദീകരിക്കുമ്പോള്‍ വിഐപി ഗാലറിയില്‍ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികള്‍ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *