സന്തോഷം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു

സന്തോഷം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു . കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഏറെ സന്തോഷം ഇത്തിരി സങ്കടവും ബാക്കി വെച്ചാണ് സിനിമ അവസാനിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയുടെയും മുഖത്ത് സന്തോഷമായിരുന്നു. ചിലർ കണ്ണീരോടെ പല ഗൃഹാതുര സ്മരണകൾ ഓർത്തെടുത്തു.

കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശോഭിച്ചിരുന്ന ഷാജോൺ തികച്ചും വ്യത്യസ്ഥമായ ഒരു അച്ഛൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആരും ആഗ്രഹിച്ച് പോകും വിധമുള്ള ഒരു കുടുംബാന്തരീക്ഷമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. അമ്മയുടെയും മക്കളുടെയും കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ ഓരോ അഭിനേതാവിനും സാധിച്ചു. മല്ലിക സുകുമാരൻ എപോഴത്തെയും പോലെ കുട്ടികൾക്ക് ഇഷ്പ്പെടുന്ന ഒരു അമ്മൂമ്മയായി മാറി. അമിത് ചക്കലക്കൽ, അനുസിത്താര , കലാഭവൻ ഷാജോൺ എന്നിവരുടെ അഭിനയം മികച്ച് നിന്നു.

ഒരു കുഞ്ഞു കുടുംബത്തിൻ്റെ കഥപറയുന്ന ചിത്രത്തിൽ മാതാപിതാക്കളും കുട്ടികളും, സഹോദരസ്നേഹവും, ഭാര്യഭർതൃ ബന്ധവും, പിണക്കങ്ങളും ഇണക്കങ്ങളും മനോഹരമായി കോർത്തിണക്കിയാണ് സന്തോഷം ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിൽ നിന്നും മകളെ വിവാഹം കഴിപ്പിച്ച അയക്കുമ്പോൾ കഥയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതെ വേദന കാണികളുടെ മനസ്സിലും ഉണ്ടാകുന്നു.

സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ലളിതമായും മനോഹരം ആയും ചിത്രത്തിൽ വരച്ചു കാട്ടുന്നു. ഒരു പക്കാ ഫാമിലി എൻ്റർടെയിനർ എന്ന് നിസ്സംശയം പറയാം സന്തോഷത്തിനെ. ഒരു നിമിഷം പോലും ലാഗ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ സിനിമയിലെ ഒരു കഥാപാത്രമാക്കി മാറ്റുന്നു. ബഹളങ്ങളോ ദുരന്തങ്ങളോ ഒന്നുമില്ലാത്ത ഒരു ഫീൽ ഗുഡ് മൂവിയാണ് സന്തോഷം. മകൾ വിവാഹിതയായി പടിയിറങ്ങുമ്പോൾ ഒരു അച്ഛനും അമ്മയ്ക്കും മുത്തശിക്കും ഉണ്ടാകുന്ന വേദന, തൻ്റെ സഹോദരി മറ്റൊരു വീട്ടിലേക്ക് പറിച്ച് നടപ്പെടുമ്പോൾ കൂടപ്പിറപ്പിനുണ്ടകുന്ന ആധിയുമൊക്കെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർക്ക് തീർച്ചയായും ചിത്രം ഹൃദയ സ്പർശിയാവും.

Leave a Reply

Your email address will not be published. Required fields are marked *