ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണ് ഇ-മെയിലിലൂടെ നടന് നേരെ ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്റെ ഓഫീസിലേയ്ക്കാണ് ഹിന്ദിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്.

ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാറിന് സല്‍മാന്‍ ഖാനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു. ലോറന്‍സ് ബിഷ്‌ണോയി ഈയടുത്ത് നല്‍കിയ അഭിമുഖം ഉറപ്പായും നടന്‍ കണ്ടിരിക്കണമെന്നും സന്ദേശത്തിലുണ്ട്.

രോഹിത് ഗാര്‍ഗ് എന്നയാളുടെ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. സംഭവത്തില്‍ നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇ-മെയില്‍ പോലീസ് പരിശോധിച്ച് വരികയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്‍ ഖാന് നേരെ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി വധ ഭീഷണി മുഴക്കിയിരുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് താരത്തിന് നേരെ ഭീഷണി മുഴക്കിയത്. ഈ അഭിമുഖം കാണാനാണ് ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പഞ്ചാബ് ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയിയുള്ളത്.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായത്തിന് സല്‍മാന്‍ ഖാനോട് കടുത്ത ദേഷ്യമുണ്ടെന്ന് ലോറസ് പറഞ്ഞു. സല്‍മാന്‍ ഖാന്‍ തങ്ങളുടെ സമുദായത്തെ വേദനിപ്പി ച്ചെന്നും ലോറന്‍സ് വ്യക്തമാക്കി. തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സല്‍മാന്‍ ഖാന്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയാണ് ലോറന്‍സ് ബിഷ്‌ണോയി പ്രകടിപ്പിക്കുന്നത്. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയതിന് 2018-ല്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പും ഇതേവിഷയത്തില്‍ ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാന് നേരെ ഭീഷണിയുമായി എത്തിയിട്ടുണ്ട്. കൃഷ്ണമൃഗത്തെ കൊന്നകേസില്‍ സല്‍മാന്‍ ഖാന്റെ വിധി കോടതിയല്ല, താന്‍ വിധിക്കുമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു. താനും തന്റെ സമുദായവും സല്‍മാനോട് ക്ഷമിക്കില്ലെന്നും സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞാല്‍ ചിലപ്പോള്‍ തീരുമാനം മാറ്റുന്നത് പരിഗണിച്ചേക്കുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *