ശാകുന്തളം തിയേറ്ററുകളിൽ എത്താൻ വൈകും

ശാകുന്തളം തിയേറ്ററുകളിൽ എത്താൻ വൈകും. പഠാൻ തീയേറ്ററുകളിൽ വലിയ സ്വീകാര്യതയോടെ മുന്നേറുന്നതാണ് കാരണം

ശകുന്തള – ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രിതീക്ഷിച്ചിരുന്ന ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബോളിവുഡ് ചിത്രം പഠാൻ തിയേറ്ററുകളിൽ നേടിക്കൊണ്ടിരിക്കുന്ന റെക്കോർഡ് വിജയം മുന്നിൽ കണ്ടാണ് അണിയറ പ്രവർത്തകർ ശാകുന്തളത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയത്. ത്രിഡിയിൽ റിലീസിനെത്തുന്ന ചിത്രം കാഴ്ചക്കാർക്ക് നവ്യാനുഭവം നൽകുമെന്ന് നിർമാതാക്കൾ അറിയിച്ചു.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ, കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീം വർക്‌സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *