ഒസ്കർ തിളക്കം: ആർആർആർ രണ്ടാം ഭാ​ഗത്തിന് വേ​ഗമായെന്ന് രാജമൗലി

ഓസ്‌കര്‍ തിളക്കത്തിലാണ് ഇപ്പോള്‍ ‘ആര്‍ആര്‍ആര്‍’. ആര്‍ആര്‍ആ’റിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കര്‍ ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്‌കര്‍ ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്.

‘ആര്‍ആര്‍ആറി’ന് ഓസ്‌കര്‍ ലഭിച്ചതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ വേഗത്തിലാക്കുമോയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു ഇത്തരം ചോദ്യങ്ങളോട് മനസ് തുറന്നിരിക്കുകയാണ് രാജമൗലി. ഓസ്‌കര്‍ നേട്ടം എന്തായാലും രണ്ടാം ഭാഗത്തിന്റ രചനാ ജോലികള്‍ വേഗത്തിലാക്കാന്‍ പ്രചോദനമാകും, തീര്‍ച്ചയായും അതേ, നമുക്ക് നോക്കാം എന്നാണ് രാജമൗലിയുടെ മറുപടി. ‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചനയില്ലായിരുന്നു. ‘ആര്‍ആര്‍ആറി’ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട് എന്ന് പിന്നീടായിരുന്നു രാജമൗലി വെളിപ്പെടുത്തിയത്.

‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷന്‍ നേടിയിരുന്നു. ജപ്പാനിലും റിലീസ് ചെയ്ത രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *