പ്രതികാരദാഹിയായ റോഷാക്ക്

    ഈ ഹോളിവുഡ് ലെവല്‍ എന്നൊക്കെ പറയുന്ന കണക്ക് ഒരു മോളിവുഡ് ലെവല്‍ എന്ന ലേബലില്‍ നമുക്കും ഈ ക്വാളിറ്റി പ്രൊഡക്ടിനെ എവിടെയും അവതരിപ്പിക്കാം.ഒരു' not everyones cup of tea ' എന്ന ലേബല്‍ ഇട്ട് സംസാരിക്കാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കാരണം റോഷാക്ക് എന്ന സിനിമ അതിന്റെ യോനറിനോടും ' കണ്ടൻ്റിനോടും നൂറ് ശതമാനം നീതി പുലര്‍ത്തിയ ചിത്രമാണ്.

അടിമുടി ദുരൂഹത നിറഞ്ഞ ഒരു കഥാപത്രമാണ് മമ്മൂട്ടിയുടെ ലുക്ക് ആന്റണി.ലൂക്കിന്റെ ഇന്‍ട്രോയോടുകൂടിയാണ് റോഷാക്ക് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് അയാളുടെ ജീവിതവുമായി ചുറ്റിപറ്റിയാണ് സിനിമയുടെ സഞ്ചാരം.തന്റെ കുടുംബം നശിക്കാന്‍ കാരണമായവരെ വേരോടെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യു.കെ സിറ്റിസണ്‍ ആയ ലൂക്ക് കേരളത്തിലെത്തുന്നത്. ലൂക്കിന്റെ വരവിലും പിന്നീടുള്ള പ്രവൃത്തികളിലും ദുരൂഹത തളം കെട്ടി നില്‍ക്കുന്നുണ്ട്. ഈ ദുരൂഹതയാണ് പ്രേക്ഷകരെ തിയറ്ററില്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. ആരാണ് ലൂക്ക്? ലൂക്കിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ്? ലൂക്കിന്റെ ശത്രുക്കള്‍ ആരെല്ലാം? തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് റോഷാക്കിന്റെ കഥ സഞ്ചരിക്കുന്നത്. മമ്മൂട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞ പോലെ ഒരു സ്ലോ ബേണ്‍ സിനിമയാണ് റോഷാക്ക്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകരേയും ചിത്രം തൃപ്തിപ്പെടുത്തണമെന്നില്ല. ബോക്സ്ഓഫീസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ റോഷാക്കിന് സാധിക്കണമെന്നുമില്ല. എങ്കിലും വ്യത്യസ്തമായ മേക്കിങ് റോഷാക്കിനെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നുണ്ട്. സംവിധായകന്‍ നിസാം ബഷീറിന്റെ അവതരണ രീതി കയ്യടി അര്‍ഹിക്കുന്നു. പരീക്ഷണ സിനിമ ചെയ്യാന്‍ നിസാം ബഷീര്‍ കാണിച്ച ധൈര്യം വരും കാലത്ത് മറ്റ് പല സംവിധായകര്‍ക്കും പ്രചോദനമാകും. തന്റെ ആദ്യ സിനിമയായ ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന സിനിമയില്‍ നിന്നും വേറിട്ട ഒരു ട്രീറ്റ്‌മെന്റ് ആണ് റോഷാക്കില്‍ നിസാം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ് രണ്ടാമത്തെ പോസിറ്റീവ് ഘടകം. വളരെ ദുരൂഹത നിറഞ്ഞ രീതിയില്‍ ഒപ്പം പ്രേക്ഷകരില്‍ സംശയം ജനിപ്പിച്ചുകൊണ്ട് ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കിയിട്ടുണ്ട്. മിനിമല്‍ ആയി ചെയ്യേണ്ട മുഖഭാവങ്ങളിലും ഡയലോഗ് ഡെലിവറിയിലെ സൂക്ഷമതയിലും മമ്മൂട്ടി നൂറ് ശതമാനം നീതി പുലര്‍ത്തി. എടുത്ത് പറയണ്ടേ ഒരുപാട് കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍ എല്ലാവരും ഒന്ന്‌നിന് ഒന്ന് പ്രകടനമായിരുന്നു. ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രമാണ് പ്രേക്ഷകരെ രണ്ടാം പകുതിയില്‍ ഞെട്ടിച്ചത്. കൂടാതെ ജഗദീഷ്,ഷറഫുദ്ധീന്‍,ഗ്രേസ് ആന്റണി വളരെ നല്ല രീതിയില്‍ അവരുടെ കഥാപാത്രം ഭംഗിയായി ചെയ്തു. സിനിമ ഇറങ്ങും മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ട വൈറ്റ് റൂം ടോര്‍ച്ചര്‍ പോലുള്ള വിഷയങ്ങളെയൊന്നും സിനിമ കാര്യമായി കൈകാര്യം ചെയ്തിട്ടില്ല. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് പൂര്‍ണമായി ഉയരാനും സിനിമയ്ക്ക് സാധിച്ചില്ല. പ്രവചിക്കാവുന്ന കഥ എന്നതും സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാവുന്ന കാര്യങ്ങളാണ് സ്‌ക്രീനില്‍ നടക്കുന്നത്. ഇത് സിനിമയുടെ പ്രധാനപ്പെട്ട നെഗറ്റീവ് വശമാണ്. മിഥുന്‍ മുകുന്ദന്റെ പശ്ചാത്തല സംഗീതം അതിഗംഭീരം. റോഷാക്കിന്റെ നട്ടെല്ല് തന്നെ പശ്ചാത്തല സംഗീതമാണ്. ഒരു ത്രില്ലര്‍-ഹൊറര്‍ മൂഡ് പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ സംഗീതത്തിനു സാധിച്ചു. ഇംഗ്ലീഷ് ട്രാക്കുകളാണ് സിനിമയിലുടനീളം. നിമിഷ് രവിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ട ഘടകമാണ്.

ഈ ഹോളിവുഡ് ലെവല്‍ എന്നൊക്കെ പറയുന്ന കണക്ക് ഒരു മോളിവുഡ് ലെവല്‍ എന്ന ലേബലില്‍ നമ്മുക്കും ഈ ക്വാളിറ്റി പ്രൊഡക്ടിനെ എവിടെയും അവതരിപ്പിക്കാം.ഒരു’ not everyones cup of tea ‘ എന്ന ലേബല്‍ ഇട്ട് സംസാരിക്കാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കാരണം റോഷാക്ക് എന്ന സിനിമ അതിന്റെ യോനറിനോടും ‘ കണ്ടൻ്റിനോടും നൂറ് ശതമാനം നീതി പുലര്‍ത്തിയ ചിത്രമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *