പ്രേക്ഷകർക്ക് രോമാഞ്ചം

സൗബിനേയും അർജുൻ അശോകനെയും മുന്നിൽ നിർത്തി കൊണ്ടാണ് സംവിധായകൻ ജിത്തു മാധവൻ രോമാഞ്ചം എന്ന സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിച്ചിരിക്കുന്നത്. 2007 കാലഘട്ടത്തിൽ ബാംഗ്ലൂരിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയാണ് രോമാഞ്ചം.

ഈ സുഹൃത്തുക്കളുടെ ഇടയിലേക്ക് രണ്ട് പേർ എത്തുന്നതാണ് കഥ. ഇവരെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത് സൗബിൻ ആണ്. പിന്നീട് സിറ്റുവേഷൻ കോമഡിയിലൂടെ ആറാടുകയാണ് സിനിമ. ഇവിടെ വച്ച് സംഭവിക്കുന്ന ഹൊറർ കോമഡി അനുഭവങ്ങളാണ് കഥയുടെ നട്ടെല്ലായി കാണുന്നത്. പശ്ചാത്തല സംഗീതം ഇല്ലാത്ത സീനുകളിൽ. തിയേറ്ററിൽ ചിരിയുടെ മുഴക്കം മാത്രമാണ് ഉയർന്നുകേട്ടത്. തീർച്ചയായിട്ടും ഉറപ്പിച്ചു പറയാൻ കഴിയും ഹൊററും കോമഡിയും ഒരുമിച്ച് ചേർന്ന ഒരു വലിയ സിനിമ തന്നെയാണ് രോമാഞ്ചം.

വളരെ ലളിതമായ ഒരു കഥ. എന്നാൽ പ്രേക്ഷക മനസ്സിലേക്ക് വലിയ രീതിയിൽ തന്നെ കഥ ഒഴുകിയെത്തുന്നു. ഒരു ഓളത്തിലിരുന്ന് സിനിമ കാണുന്ന പ്രേക്ഷകർ ചിരിച്ച് മറിയുന്നതാണ് തീയേറ്ററിൽ കാണുന്നത്. കുറെ നാളുകൾക്കു ശേഷമാണ് തിയേറ്ററിൽ ഇത്തരം ചിരി പടരുന്ന അനുഭവമെന്ന് ഉറപ്പിച്ചു തന്നെ പറയാൻ കഴിയും. രോമാഞ്ചം സിനിമ പുതുമുഖങ്ങൾ അഭിനയിച്ച സിനിമയെന്ന ഒരിക്കലും പറയാൻ കഴിയാത്ത വിധമുള്ള അഭിനയം മികവ് തന്നെയാണ് ഓരോ കഥാപാത്രവും ഇതിൽ കാഴ്ചവെച്ചിരിക്കുന്നത്. സൗബിനും അർജുനശോകനും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

അർജുൻ അശോകന്റെ കരിയറിലെ മികച്ച സിനിമയെന്ന് എടുത്തു പറയാൻ കഴിയുന്നത് തന്നെയാണ് രോമാഞ്ചം. സംഗീത സംവിധായകൻ സുഷിൻ ശ്യാം ഒരുക്കിയ മ്യൂസിക് എടുത്തു പറയാൻ കഴിയും.ഓരോ സീനുകളും ഗാനങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ കാക്കാൻ സംവിധായാകൻ ജിത്തു മാധവന് കഴിഞ്ഞു. സൗബിനും അർജുൻ അശോകനും ഒരറ്റത്ത് തകർത്താടുമ്പോൾ ഒതലങ്ങാ തുരുത്തിലെ നത്ത് അബിൻ ജോർജ്ജും ജഗദീഷ് കുമാറും മറുവശത്ത് തകര്‍ത്താടിയപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് രോമാഞ്ചമായി. ഒരിക്കൽ പോലും സ്ക്രീനിൽ വരാത്ത എന്നാൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന ഒരു നായിക കഥാപാത്രം ചിത്രത്തിൽ ഉണ്ട് അത് ആരെന്ന് അറിയണമെങ്കിൽ തീയറ്ററിൽ തന്നെ സിനിമ കാണണം.

രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം വെച്ച് നീട്ടിക്കൊണ്ടാണ് സിനിമാ അവസാനിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജിത്തു മാധവൻ കഥയെഴുതി സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ നട്ടെല്ല് സംഗീതമാണെന്ന് എടുത്ത് പറയാൻ കഴിയും. സാനു താഹിറിന്റെ ക്യാമറ കഥയുടെ യാത്രയ്ക്ക് മികവ് പുലർത്തിയിട്ടുണ്ട്. കിരൺ ദാസിന്റെ എഡിറ്റിംഗ് രോമാഞ്ചത്തെ പ്രേക്ഷകർക്ക് ഒരു രോമാഞ്ചം തന്നെ ആക്കി മാറ്റിയിട്ടുണ്ട്. തികച്ചും ഏറെ ശ്രദ്ധ നേടിയ സിനിമ തന്നെ രോമാഞ്ചം. വളരെ കാത്തിരിപ്പിനു ശേഷം തിയറ്ററിൽ എത്തിയ രോമാഞ്ചം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *