പകലും പാതിരാവും റിവ്യൂ

യൂടോക്കിന്റെ ചലച്ചിത്രനിരൂപണത്തിലേക്ക് സ്വാഗതം. അജയ് വാസുദേവ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ മുഖ്യ വേഷത്തിലെത്തിയ ‘പകലും പാതിരാവും’ എന്ന ചിത്രത്തിൻറെ വിശേഷങ്ങളുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ്. രജീഷ വിജയൻ, ഗുരു സോമസുന്ദരം കുവൈത്ത് വിജയൻ, സീത എന്നിവർ മറ്റ് പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമ, വയനാട്ടിലെ മലയോര മേഖലയെ പശ്ചാത്തലമാക്കിയാണ് അവതരിപ്പിക്കപ്പെടുന്നത്. മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിലുകൾ വയനാടൻ കാടുകളിൽ പോലീസ് ഊർജ്ജിതമാക്കുന്ന വേളയിൽ, കൊച്ചിയിൽ നിന്ന് വന്യജീവി ഫോട്ടോഗ്രാഫറായ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ആ വഴി എത്തിപ്പെടുന്നതാണ് ആമുഖചിത്രം. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ പുരോഗമിക്കുന്ന സിനിമ പതിഞ്ഞ ഒഴുകോടെ മുന്നേറുന്നു. ആദ്യപകുതിയിൽ കഥാതന്തുവിലേക്ക് മെല്ലെ എത്തുമ്പോൾ രണ്ടാം പകുതി കരുത്താർജ്ജിക്കുകയും മികച്ചൊരു ക്ലൈമാക്സിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

അഭിനയ മികവിൽ രജീഷ് വിജയൻറെ പ്രകടനം മുൻപന്തിയിൽ നിൽക്കുന്നു. തിരക്കഥാകൃത്ത് ഏറ്റവും നിഷ്ഠയോടെ പരിഗണിച്ച ‘മേഴ്സി’ എന്ന കഥാപാത്രം പാത്രം സൃഷ്ടി കൊണ്ടും തീവ്രതകൊണ്ടും മികവോടെ വന്നു. കുവൈറ്റ് വിജയന്റെ അപ്പൻ കഥാപാത്രവും സീതയുടെ അമ്മ വേഷവും സ്വാഭാവികമായിരുന്നു.

. ഫൈസ് സിദ്ദിഖ് കൈകാര്യം ചെയ്ത ഛായാഗ്രഹണം വയനാടൻ കാഴ്ചകളെ മനോഹരമാക്കി. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പ്രകടനസാധ്യത കുറഞ്ഞതെങ്കിലും പൂർണ്ണതയോടെ അവതരിപ്പിച്ചു. സ്റ്റീഫൻ ദേവസി സംഗീതം നിർവഹിച്ച ഗാനങ്ങൾ ശരാശരിയായി അനുഭവപ്പെട്ടപ്പോഴും സിനിമയോട് ചേർന്നുനിന്നു. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം വ്യക്തിത്വമുള്ളതും സിനിമയെ സഹായിക്കുകയും ചെയ്തു.

റിയാസ് കെ ബദർ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്ന ചിത്രം ഒരു പകലും ഒരു രാത്രിയുമാണ് സംഭവിക്കുന്നത്. നിഷാദ് കോയയുടെ കാമ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. സംവിധാന വഴിയിൽ വ്യത്യസ്തമായ ചുവടുവെപ്പുമായാണ് മാസ് കൊമേഴ്സ്യൽ സിനിമയുടെ വക്താവായ അജയ് വാസുദേവിന്റെ വരവ്. ഹിംസ തുളുമ്പുന്ന രംഗങ്ങളിൽ, കഥാപാത്രങ്ങളുടെ മനോവ്യതിയാനങ്ങളിൽ, വൈകാരിക പ്രതികരണങ്ങളിൽ, സംവിധായകൻറെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാഗതിക്കും മികവുപുലർത്തിയ അവസാനത്തിനും ‘പകലും പാതിരാവും എന്ന ചിത്രത്തിന് യൂടോക്ക് നൽകുന്ന റേറ്റിംഗ് ത്രീ ഔട്ട് ഓഫ് ഫൈവ്. അടുത്തൊരു ചിത്രവുമായി വരുന്നതുവരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *