പഠാൻ – റിവ്യൂ

നമസ്കാരം,
യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് കഥയെഴുതി സംവിധാനം ചെയ്ത, ആക്ഷൻ – ത്രില്ലർ ഹിന്ദി ചിത്രമായ പഠാൻ്റെ റിവ്യൂവുമായാണ് ഇന്നേത്തിരിക്കുന്നത്. കിംഗ് ഖാന് പുറമേ, ദീപിക പദുക്കോൺ, ജോൺ ഏബ്രഹാം, ഡിംബിൾ കപാഡിയ, അശുതോഷ് റാണ, മനീഷ് വാധ്വ എന്നിവർ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നു. ശ്രീധർ രാഘവൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിരിക്കുന്നത്. യഷ് രാജ് ഫിലിംസിന് വേണ്ടി ആദിത്യ ചോപ്ര നിർമ്മിച്ച ‘പഠാൻ’ , YRF Spy യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്.

ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതിന് അനുബന്ധമായി ഉണ്ടാകുന്ന കലുഷിത സാഹചര്യത്തിൽ ആരംഭിക്കുന്ന സിനിമ, വൈകാതെ തന്നെ പഠാൻ, എന്ന റോ ഏജൻ്റിലേക്ക് എത്തുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോടെ തുടങ്ങുന്ന സിനിമ, കിംഗ് ഖാൻ്റെ വരവോടെ തിരശീലയെ കൈയടക്കുന്ന ആഘോഷ കാഴ്ചയായി മാറുന്നു. ജോൺ ഏബ്രഹാം അവതരിപ്പിക്കുന്ന ‘ജിം’ എന്ന ആഗോള ഭീകരൻ, അക്ഷരാർത്ഥത്തിൽ, മികച്ച കഥാപാത്രരൂപീകരണത്തിലൂടെ, വില്ലനായി നിറഞ്ഞാടി. ശരീരം കൊണ്ടും സംഘടന മികവ് കൊണ്ടും ജോൺ ഏബ്രഹാം ചിത്രത്തെ കൈയിലേന്തുന്നു. ‘രക്തബീജ് ‘ എന്ന വമ്പൻ തീവ്രവാദ പദ്ധതിയിലൂടെ രാജ്യത്തിൻ്റെ സുരക്ഷയെ തകർക്കാനുള്ള ജിമ്മിൻ്റെ ശ്രമങ്ങളെ പഠാൻ ചെറുക്കുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തിയ ഷാരൂഖ് ഖാൻ, പ്രകടനത്തിലെ മർമ്മം കൊണ്ടും, ശബ്ദത്തെയും ശരീരത്തെയും ചിട്ടപ്പെടുത്തിയ രീതികൊണ്ടും, ആക്ഷൻ രംഗങ്ങളിലെ മികവ് കൊണ്ടും, ബോളിവുഡിൻ്റെ സമീപകാലത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി. റുബയ് എന്ന ISI ഏജൻ്റായി എത്തിയ ദീപിക പദുക്കോൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ആകാംഷ നിറച്ചതും, കഥാഗതി കീഴ്മേൽ മറിച്ച ഇൻ്റർവെല്ലിനും ശേഷം പ്രേക്ഷകർ കണ്ടത് സ്വപ്ന തുല്യമായ ഒരു അതിഥി താരത്തിൻ്റെ വരവായിരുന്നു. കേവലം പതിനഞ്ച് മിനിറ്റുകൊണ്ട് സൽമാൻ ഖാൻ്റെ ‘ടൈഗർ’ സ്ക്രീനിന് തീ പടർത്തുക തന്നെ ചെയ്തു. കിംഗ് ഖാനും ഭായിജാനും ഒന്നിച്ച ദൃശ്യങ്ങൾ അപൂർവ്വ കാഴ്ചയായി.
ബോളിവുഡിൻ്റെ തന്നെ നിർണായകമായ ദിശാസന്ധിയിൽ പുറത്തു വന്ന സിനിമയിൽ, കെട്ടുറപ്പുള്ള, കറ തീർന്ന തിരക്കഥയിൽ വൈവിധ്യങ്ങളായ ലൊക്കേഷനുകളിലൂടെയും, സർവ്വ – സന്നാഹ – സംപൂർണ്ണമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ഒരു മെഗാ ചലച്ചിത്ര വിരുന്നാക്കി മാറ്റുന്നു. കാർ‌ – ബൈക്ക് സ്റ്റഡുകൾക്ക് പുറമേ ഹെലികോപ്റ്റർ രംഗങ്ങളും അത്യാധുനിക യുദ്ധ സാമഗ്രികളുടെ വൈവിധ്യമാർന്ന ഉപയോഗപ്പെടുത്തലുകളും, തികവോടെ സത്ചിത് പൗലോസ് എന്ന ഛായാഗ്രഹകൻ പകർത്തി. ആരിഫ് ഷെയ്ക്കിൻ്റെ ചിത്രസംയോജനം വെടിയുണ്ടകൾ പോലെ, കഥ വേഗത്തിൽ പറഞ്ഞു. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ സ്ചിത് ബൽഹാര – അങ്കിത് ബൽഹാര ദ്വയം, ചിത്രത്തെ കൂടുതൽ അനുഭവഭേദ്യമാക്കി.
രാജകീയമായ തിരിച്ചു വരുന്ന ഷാരൂഖ് ഖാന് എന്ന പോലെ കടുത്ത പ്രതിസന്ധി നേരിടുന്ന ബോളിവുഡിനും “പഠാൻ” ഒരു ജീവശ്വാസം ഉറപ്പിക്കുന്നു. ഇന്ത്യൻ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന 2023-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററായി പഠാൻ മാറുമെന്ന സാധ്യത കൽപ്പിച്ചു കൊണ്ട് ചിത്രത്തിന് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 3.75/ 5. അടുത്ത ഒരു റിവ്യൂവുമായി വരുന്നതുവരെ നന്ദി.

Tag

Leave a Reply

Your email address will not be published. Required fields are marked *