‘പടച്ചോനെ ഇങ്ങള് കാത്തോളീ’ പുതിയ പതിപ്പ് സ്വീകാര്യത നേടുന്നു !

കൊച്ചി: ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’യുടെ പുതിയ പതിപ്പ് സ്വീകാര്യത നേടുന്നു. രണ്ടര മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറിലേക്ക് ചുരുക്കിയ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം. സമകാലിക പ്രസക്തമായ വിഷയം അതിന്റെ പ്രധാന്യത്തിലൂന്നി ഒട്ടും ചോർന്നു പോവാതെ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. ആദ്യവാരം പിന്നിടുന്ന ചിത്രം നവംബർ 24 നാണ് തിറ്റയർ റിലീസ് ചെയ്തത്. ഇതൊരു പൊളിറ്റിക്കൽ സറ്റയർ മൂവിയാണ്.

ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിരിക്കുന്നത്. സഖാവിന്റെ സഖിയായ രേണുകയെ ആൻ ശീതളും കൈകാര്യം ചെയ്തു. വീട്, നാട്, സുഹൃത്തുക്കൾ, പാർട്ടി, സ്കൂൾ, ഇതൊക്കെയാണ് ദിനേശന്റെ ലോകം. അദ്ധ്യാപകനായ ദിനേശന്റെ സുഹൃത്തുക്കളാണ് ഇന്ദു, കെ.കെ എന്ന കേരളകുമാരൻ, ​ഗിരി, ​ഗുണ്ട് സജി എന്നിവർ.

കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ​ഗ്രാമത്തിലാണ് കഥ നടക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പ്രദീപ് കുമാർ കാവുംന്തറ രചന നിർവ്വഹിച്ച ചിത്രത്തിന് ‘ക്ലീൻ യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

ഒൻപത് ​ഗാനങ്ങളുണ്ട് ചിത്രത്തിൽ. ഷാൻ റഹ്മാൻ സം​ഗീതവും രാം ശരത്ത് പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്ത ​ഗാനങ്ങൾക്ക് ബി.കെ ഹരിനാരായണനാണ് വരികൾ ഒരുക്കിയത്. രമ്യ നമ്പീശനും കെഎസ് ഹരിശങ്കറും ചേർന്നാലപിച്ച ‘എന്ത് പാങ്ങ് എന്ത് പാങ്ങ് ‘ എന്ന ഗാനം പുറത്തുവിട്ട അന്ന് മുതൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. കണ്ണൂരിന്റെ മനോഹാര്യത ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് ഛായാഗ്രഹൻ വിഷ്ണു പ്രസാദ്. കിരൺ ദാസാണ് എഡിറ്റർ.

Leave a Reply

Your email address will not be published. Required fields are marked *