എസ്.എസ്. രാജമൗലി ഉള്‍പ്പെടുന്ന ആര്‍ആര്‍ആര്‍ ടീം ഓസ്‌കറില്‍ പങ്കെടുക്കാന്‍ മുടക്കിയ തുകയെത്രയെന്നാണ് ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്

എസ്.എസ്. രാജമൗലി ഉള്‍പ്പെടുന്ന ആര്‍ആര്‍ആര്‍ ടീം ഓസ്‌കറില്‍ പങ്കെടുക്കാന്‍ മുടക്കിയ തുകയെത്രയെന്നാണ് ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്. ഒരാള്‍ക്ക് 20 ലക്ഷം രൂപ വീതം മുടക്കിയാണ ആര്‍ആര്‍ആര്‍ ടീം ഓസ്‌കറില്‍ പങ്കെടുത്തതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

2023ലെ ഓസ്‌കര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ എസ്.എസ്. രാജമൗലിയും മറ്റും സദസ്സിന്റെ ഏറ്റവും പിന്നിലായിരുന്നു ഇരുന്നത്. എം.എം. കീരവാണിക്കും ചന്ദ്രബോസിനും മറ്റ് ഓസ്‌കര്‍ നോമിനികള്‍ക്കൊപ്പം വേദിയുടെ മുന്‍നിരയില്‍ ഇടംലഭിക്കുകയും ചെയ്തിരുന്നു. ആര്‍ആര്‍ആറിലെ മറ്റ് അണിയറപ്രവര്‍ത്തകരെ ഹാളിന്റെ അവസാന നിരയില്‍ ഇരുത്തിയതിന് ചില ആരാധകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അക്കാദമി അവരെ പരിഗണിക്കാത്തതുകൊണ്ടാണോ അവര്‍ പുറകിലായത്, നോമിനേഷന്‍ ലഭിക്കാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഓസ്‌കറില്‍ പങ്കെടുക്കാന്‍ കഴിയുക തുടങ്ങിയ ചോദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നവര്‍ക്കു മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള സൗജന്യ പാസ് ലഭിക്കുന്നത്. നോമിനേഷന്‍ ലഭിക്കുന്നവര്‍ക്കുപോലും ഓസ്‌കര്‍ ചടങ്ങു നടക്കുന്ന ഡോള്‍ബി തിയറ്ററിലേക്ക് കടക്കാനുള്ള ടിക്കറ്റ് മാത്രമാണ് സൗജന്യമായി കൊടുക്കുന്നത്. ബാക്കി ചിലവെല്ലാം അതാതു സിനിമകളുടെ പ്രൊഡക്ഷന്‍ ഹൗസ് ആകും വഹിക്കുക.

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചവര്‍ക്കു മാത്രമേ ടിക്കറ്റും അവാര്‍ഡ് സമര്‍പ്പണം കഴിഞ്ഞുള്ള ഗവര്‍ണേഴ്‌സ് ബാള്‍ എന്ന വിരുന്നിലേക്കുള്ള പ്രവേശനവും സൗജന്യമായി ലഭിക്കൂ. ബാക്കി എല്ലാവര്‍ക്കും ടിക്കറ്റ് പണം കൊടുത്തു വാങ്ങുക തന്നെ വേണം. ഹോളിവുഡില്‍ നടക്കുന്ന എല്ലാ അവാര്‍ഡ് ചടങ്ങുകളുടെയും രീതി ഇങ്ങനെയാണ്. നോമിനേഷന്‍ ലഭിച്ച സിനിമകളുടെ പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ കൂടുതല്‍ ടിക്കറ്റ് വാങ്ങി ടീം അംഗങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്. നോമിനികളല്ലാത്തവര്‍ക്കു ടിക്കറ്റ് കിട്ടുന്നത് ലോട്ടറി സിസ്റ്റം വഴിയാണ്.

എസ്.എസ്. രാജമൗലി ഉള്‍പ്പെടുന്ന ആര്‍ആര്‍ആര്‍ ടീം, ഒരാള്‍ക്ക് 20 ലക്ഷം രൂപ വീതം മുടക്കിയാണ് ഓസ്‌കറില്‍ പങ്കെടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട സംഗീതസംവിധായകന്‍ എം.എം. കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനുള്ള സൗജന്യ പാസ് ലഭിച്ചത്. സംവിധായകന്‍ എസ്.എസ്. രാജമൗലി, നടന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെയുള്ള ടീമിലെ മറ്റുള്ളവരും കോടികള്‍ മുടക്കിയാണ് ഓസ്‌കറിന് എത്തിയതെന്നായിരുന്നു വാര്‍ത്ത.

സംവിധായകന്‍ എസ്.എസ്. രാജമൗലിക്കൊപ്പം ഭാര്യ രമയും മകന്‍ എസ്.എസ്. കാര്‍ത്തികേയയും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രാം ചരണിനൊപ്പം ഭാര്യ ഉപാസന കാമിനേനി എത്തിയപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ തനിച്ചാണ് പങ്കെടുത്തത്തത്. ‘ആര്‍ആര്‍ആര്‍’ ടീമിനെ ഓസ്‌കര്‍ അക്കാദമി പരിഗണിച്ചില്ലെന്നൊക്കെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗായകരായ കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരോടൊപ്പം ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ അവതരിപ്പിച്ച നര്‍ത്തകര്‍ ഇന്ത്യയില്‍ നിന്നുള്ളവരല്ലാത്തതും ചിലരില്‍ നിരാശ ജനിപ്പിച്ചു.

എന്നാല്‍ 20 ലക്ഷം രൂപ മുടക്കിയാണ് തങ്ങള്‍ ഓസ്‌കര്‍ വേദിയിലെത്തിയതെന്ന വാര്‍ത്ത ‘ആര്‍ആര്‍ആര്‍’ ടീം നിഷേധിച്ചിട്ടുണ്ട്. ഓസ്‌കര്‍ വേദിയിലെ ഒരു സീറ്റിന്റെ പരമാവധി ടിക്കറ്റ് റേറ്റ് 750 ഡോളറാണ്. ഏകദേശം അറുപതിനായിരം രൂപ. ചടങ്ങില്‍ എത്തുന്നവര്‍ വിമാനച്ചെലവ്, താമസം മറ്റു ചെലവുകള്‍ ഇതൊക്കെ സ്വയം വഹിക്കുകയോ അല്ലെങ്കില്‍ അതാതു സിനിമകളുടെ നിര്‍മാതാക്കള്‍ ഏറ്റെടുക്കുകയോ ആണ് പതിവ്.

ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്കും വാങ്ങാന്‍ കഴിയില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയൂ. ഒരാള്‍ക്ക് അക്കാദമിയുടെ ക്ഷണം ലഭിക്കണമെങ്കില്‍ അയാള്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായോ നോമിനേഷന്‍ ലഭിച്ച സിനിമകളുമായോ ബന്ധപ്പെട്ടവരായിരിക്കണം.

ഡോള്‍ബി തിയറ്ററില്‍ 3,400 ഇരിപ്പിടങ്ങളാണുള്ളത്. എന്നാല്‍ അക്കാദമിയില്‍ 10,000 ത്തിലധികം അംഗങ്ങളുണ്ട്. അതിനാല്‍ ഓരോ വര്‍ഷവും ടിക്കറ്റിനായി കടുത്ത മത്സരമാണുള്ളത്. ഇതിനായി അക്കാദമി അംഗങ്ങള്‍ക്ക് ഒരു ലോട്ടറി ഉണ്ട്. അതില്‍ വിജയിക്കുന്നവര്‍ക്കാണ് ടിക്കറ്റ് ലഭ്യമാകുന്നത്. തിയറ്ററിലെ സീറ്റിന്റെ സ്ഥാനം അനുസരിച്ച് 150 ഡോളര്‍ മുതല്‍ 750 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

ബ്രോഡ്കാസ്റ്റര്‍മാര്‍, സ്പോണ്‍സര്‍മാര്‍, പ്രൊഡക്ഷന്‍ ടീം, അക്കാദമി മ്യൂസിയം ദാതാക്കള്‍, മാധ്യമങ്ങള്‍, ലൊസാഞ്ചലസ് മേയറെപ്പോലുള്ള വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്കായി ഓസ്‌കര്‍ ഓഡിയന്‍സ് ബ്ലോക്കുകള്‍ റിസര്‍വ് ചെയ്തിരിക്കും. നോമിനികള്‍ക്കും അവതാരകര്‍ക്കും മാത്രമാണ് ഓസ്‌കാറിന് സൗജന്യ ടിക്കറ്റ് ലഭിക്കുന്നത്. ഓരോ നോമിനിക്കും ഒരു ജോഡി സൗജന്യ ടിക്കറ്റുകളാണ് ലഭിക്കുക. എന്നാല്‍ അവര്‍ക്ക് ഒരു ജോഡി കൂടി അഭ്യര്‍ഥിക്കാനുള്ള അവസരവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *