സിനിമ സെറ്റിലെ ചൂഷണങ്ങളെപ്പറ്റി സംസാരിച്ച് തെന്നിന്ത്യന്‍ താരം നാനി

സിനിമ സെറ്റിലെ ചൂഷണങ്ങളെപ്പറ്റി സംസാരിച്ച് തെന്നിന്ത്യന്‍ താരം നാനി. നായക വേഷങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു, ആ സമയത്ത് താന്‍ അനുഭവിച്ച വിഷമങ്ങളെപ്പറ്റിയാണ് നാനി തുറന്ന് പറഞ്ഞത്.

താന്‍ ആ സമയത്ത് തന്റെ ദേഷ്യം കടിച്ചമര്‍ത്തിയിരിക്കുകയായിരുന്നുവെന്നും കൂടുതല്‍ കാര്യങ്ങളും വലിയ സ്വപ്നങ്ങളും സ്വന്തമാക്കാനുണ്ടായിരുന്നതാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്നും മുന്നോട്ട് നയിച്ചതെന്നും നാനി. ഒരു ദേശീയ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് നാനി മനസുതുറന്നത്.

ക്ലാപ്പ് അസിസ്റ്റന്റായിരിക്കുമ്പോള്‍ ആര്‍ക്കും വന്ന് എന്തും പറയാം, അപ്പോഴൊക്കെ താന്‍ നാളെയെപ്പറ്റി സ്വപ്നം കാണുകയായിരുന്നുവെന്ന് നാനി കൂട്ടിച്ചേര്‍ത്തു. അവിടെ പ്രതികരിക്കുന്നതിനെക്കാള്‍ വലുതായിരുന്നു തന്റെ സ്വപ്നമെന്ന് നാനി പറഞ്ഞു. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും തന്നെപ്പോലുള്ളവരെ അന്ന് അസഭ്യം പറഞ്ഞിരുന്നുവെന്നും അപമര്യാദയായി പെരുമാറുമെന്നും നാനി കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയ്ക്കിടെ അതിന്റെ സംവിധായകന്‍ തന്നെ എല്ലാവരുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞതും, ഒരിക്കലും നല്ല സംവിധായകനാകില്ല എന്ന് പറഞ്ഞതും നാനി ഓര്‍ത്തെടുത്തു. അത് തന്നെ മോശമായി ബാധിച്ചിരുന്നെന്നും നാനി പറഞ്ഞു.
ഇപ്പോള്‍ തനിക്ക് കടന്നുവന്ന എല്ലാ അനുഭവങ്ങളോടും നന്ദിയാണ് തോന്നുന്നത് എന്നും ഇന്നത്തെ അവസ്ഥയില്‍ അതൊന്നും ഒന്നുമല്ലായിരുന്നുവെന്ന് തോന്നുകയാണന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *