മലയാളത്തിൻ്റെ താരജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം എത്തുന്നു

മലയാളത്തിൻ്റെ താരജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം എത്തുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവർ ഒരുമിച്ചെത്തുന്നത് എന്നാണ് വാർത്ത.

മോഹൻലാലും ശോഭനയും ഒരുമിച്ചെത്തി പ്രേക്ഷക സ്വികാര്യത നേടിയ നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ എത്തിയത്. ഇപ്പോൾ വീണ്ടും താരജോഡികൾ ഒരുമിച്ചു എത്തുന്നു എന്നതാണ് വാർത്ത. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുന്നതെന്നാണ് ചർച്ചകൾ.

കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് മോഹന്‍ലാലിനെ നായകനാക്കി അനൂപ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്തകൾ‌ പുറത്തുവന്നത്. അനൂപിന്‍റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനായിരുന്നു ഇക്കാര്യം അറിയിച്ചത്. പിന്നാലെ സിനിമയെ സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും അനൂപ് സത്യൻ ചിത്രം സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ശോഭനയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന ചർച്ചകൾ ഏറെ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സാഗർ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ശോഭനയെ കൂടാതെ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരുടെ പേരുകളും അനൂപ് ചിത്രത്തിലേക്കായി ഉയർന്നു കേൾക്കുന്നുണ്ട്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാകും ഇതെന്നും സൂചനകളുണ്ട്. ‘കാർത്തുമ്പിയും മാണിക്യനും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു’, എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *