മോഹന്‍ലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു

മോഹന്‍ലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‌നത്തെ കുറിച്ച് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തില്‍ 6 വര്‍ഷം മുമ്പ് മോഹന്‍ലാല്‍ നിവേദനം നല്‍കിയിരുന്നു. ബ്ലോഗ് മോഹന്‍ലാല്‍ യൂട്യൂബിലും പങ്കുവെച്ചിരുന്നു.

മോഹന്‍ലാല്‍ ആറ് വര്‍ഷം മുമ്പ് തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ തുറന്ന കത്തെഴുതുകയായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൗഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണ് എന്നായിരുന്നു ബ്ലോഗിന്റെ തുടക്കം. കേരളം നേരിടുന്ന ചില വിഷയങ്ങള്‍ അക്കമിട്ട് നിരത്തുകയായിരുന്നു മോഹന്‍ലാല്‍. അതില്‍ ആദ്യത്തെ വിഷയമായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടിയത് മാലിന്യത്തെ കുറിച്ചായിരുന്നു. മാലിന്യം എന്ന ഭീകരന്‍ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് എഴുതിയത്.

കേരളത്തെ പേടിപ്പിക്കുന്ന ഭീകരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാന്‍ ഉത്തരം പറയൂ. നമ്മുടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകര്‍ച്ച വ്യാധികള്‍ മുതല്‍ അലഞ്ഞ് നടക്കുന്ന നായ്ക്കല്‍ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാകുന്നതാണ്. ഞാനടക്കമുള്ള എത്രയോ കലാകാരന്‍മാര്‍ ഇതിനെതിരെ ബോധവത്കരണ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നിട്ടും ഒരു കാര്യവുമില്ല. റോഡിനിരുവശത്തെയും മാലിന്യക്കൂമ്പാരം കേരളമെങ്ങും കൂടുകയാണ്. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യന്‍മാര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍ ഇതെവിടെയാണ് കൊണ്ടുപോയി കളയുക എന്ന കാതലായ ചോദ്യവും നഗരവാസികള്‍ ചോദിക്കുന്നു. ഈ രണ്ടു കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലങ്ങളും സൌകര്യങ്ങളുമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം. ഈ യജ്ഞം ഒരു കഠിനവ്രതമായി അങ്ങ് ഏറ്റെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *