പ്രണയസ്മാരകം ആസ്വദിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ

കാഴ്ചകൾ തേടിയുള്ള യാത്ര ഏറെ ഇഷ്ടപ്പെടുന്നയാളാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മഞ്ജു മാറ്റിവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആഗ്രയിലെത്തി പ്രണയ സ്മാരകത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് താരം.

താജ്മഹലിന്റെ മുൻപിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ ലോകത്തേയ്ക്ക് എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് മഞ്ജു വാരിയർ പങ്കിട്ട ചിത്രത്തിന് താഴെ കമന്റു ചെയ്തിരിക്കുന്നത്. അടുത്തകാലത്താണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു വാരിയർ ലഡാക്കിലേക്ക് ബൈക്കിൽ ചുറ്റിയത്. അന്ന് പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ‘സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ അജിത്ത് സാറിന് ഒരുപാട് നന്ദി. യാത്രാ പ്രേമിയായതിനാല്‍ തന്നെ ആയിരക്കണക്കിന് കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരു ടു വീലര്‍ യാത്രാ അനുഭവമെന്നും അന്ന് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരുന്നു.

ഇപ്പോഴിതാ കൂളിങ് ഗ്ലാസും തൊപ്പിയുമണിഞ്ഞ് താജ്മഹലിൻ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെത്തന്നെ ജ്വലിച്ചു നിൽക്കുന്നു താജ് മഹൽ. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ആഗ്രയിലേക്ക് എത്തിച്ചേരുന്നത്.

പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുരീതികളുടെ സങ്കലനമായ താജ്മഹൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്. നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ഈ സ്മാരക മന്ദിരം ലോകാദ്ഭുങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഇവിടേയ്ക്ക് നിരവധി സന്ദർശകരാണ് എത്തിച്ചേരുന്നത്. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ മനോഹരയിടം.

Leave a Reply

Your email address will not be published. Required fields are marked *