മാളികപ്പുറം – റിവ്യൂ

നമസ്കാരം,
യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. വിഷ്ണു ശശി ശങ്കറിൻ്റെ സംവിധാനത്തിൽ ബേബി ദേവാനന്ദ, ഉണ്ണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ “മാളികപ്പുറം” എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളുമായിട്ടാണ് ഇന്നേത്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി.ജെ രവി, ശ്രീപദ്, രമേഷ് പിഷാരടി, രഞ്ജി പണിക്കർ, മനോഹരി ജോയ്, മനോജ് കെ ജയൻ എന്നിവർ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീതാ പിൻ്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശബരിമലയ്ക്ക് പോകാനായി അതിയായി ആഗ്രഹിക്കുന്ന ഒരു എട്ടു വയസ്സുകാരിയുടെ കാഴ്ച്ചകളിലൂടെയാണ് ചിത്രമാരംഭിക്കുന്നത്. അച്ഛൻ്റെയോപ്പം മല കയറാൻ ഒരുങ്ങുന്ന അവളുടെ ജീവിതത്തിൽ ആകസ്മികമായ ഒരു വിഷമഘട്ടം സംജാതമാകുന്നു. എന്നാൽ ആ പ്രതിസന്ധിയിൽ തളരാതെ തൻ്റെ ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ‘കല്ലൂ’ എന്ന് വിളിക്കുന്ന കല്യാണിയെ ചുറ്റിപറ്റിയാണ് ചിത്രം മുന്നേറുന്നത്. സിനിമയുടെ ഏറ്റവും മികച്ച വശമെന്നത് നിസ്സംശയം പറയാവുന്നത്, കല്യാണിയായി എത്തുന്ന ബേബി ദേവനന്ദയുടെ പ്രകടനം തന്നെയാണ്. ചിത്രത്തിന് നട്ടെല്ലായി മാറിയ കാസ്റ്റിംഗ് . മുന്നേ പലവട്ടം കണ്ട പ്രകടന രീതിയിലുള്ള ബാലവേഷം ആയിരുന്നിട്ടുപോലും, തൻ്റെ സ്വാഭാവികമായ ഭാവങ്ങൾ കൊണ്ട് ഈ കൊച്ചുതാരം കാണുന്നവരുടെ മനസ്സു നിറയ്ക്കുന്നു.

ഒരു പഴയ സംഭവത്തോടെ തുടങ്ങുന്ന ചിത്രം വിശ്വാസങ്ങളെയും ഭക്തിയെയും കൃത്യമായി പരിഗണിച്ചാണ് മുന്നേറുന്നത്. സാധാരണമായ കഥാവികാസത്തിൽ, പരിചിതമായ ദിശാമാറ്റങ്ങൾ തന്നെയാണ് സിനിമയിൽ ഉടനീളം സംഭവിക്കുന്നത്. എന്നാൽ ലളിതമായ സംഭാഷണങ്ങളും ചടുലത പാലിക്കുന്ന ഷമീർ മുഹമ്മദിൻ്റെ ചിത്രസംയോജനവും സിനിമയെ പിടിച്ചു നിർത്തുന്നു. ഗ്രാമാന്തരീക്ഷവും ശബരിമലയിലേക്കുള്ള കാഴ്ചകളും ഹൃദ്യമായിരുന്നു. കളർ ഗ്രേഡിംഗ് – ഉം മിതത്വം പുലർത്തി. വിഷ്ണു നാരായണനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വൈകാരികമായ രംഗങ്ങളുടെ തീവ്രത ചോർന്നുപോവാതെ നിലനിർത്തുന്നതിൽ രഞ്ജിൻ രാജിൻ്റെ പശ്ചാത്തല സംഗീതം കൃത്യമായ പങ്ക് വഹിക്കുന്നു. ഗാനങ്ങൾ രണ്ടും ചിത്രത്തോട് ചേർന്നു നിന്നു. ബി. കെ ഹരിനാരായണൻ എഴുതിയ ‘നങ്ങേലി പൂവേ ….’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന് മൊത്തത്തിൽ ഒരൊഴുക്ക് സമ്മാനിക്കുന്നു. ഇൻറർവെല്ലിന് ശേഷം വന്ന നൃത്തചുവടുകളോടുകൂടിയ ഗാനരംഗം മധു ബാലകൃഷ്ണൻ്റെ ആലാപനം കൊണ്ടും ചിത്രീകരണ മികവുകൊണ്ടും കണ്ണിന് വിരുന്നായി. സോഷ്യൽ മീഡിയയിലെ ചടുല നൃത്തം കൊണ്ട് വൈറലായ അരുൺ മാമൻ ചുവടുകളിൽ മികവ് പുലർത്തി.
കഥാഗതിയുടെ പകുതിയോടെ വന്നു ചേരുന്ന ഉണ്ണി മുകുന്ദൻ്റെ കഥാപാത്രം സ്ക്രീനിൽ നിറഞ്ഞു നിന്നു. ലാളിത്യം നിറഞ്ഞ പ്രകടനമാണ് കാഴ്ചവെച്ചത്. ചെറുപുഞ്ചിരികളും കണ്ണുകളുടെ അർത്ഥവത്തായ ഉപയോഗവും നന്നായിരുന്നു. ചിത്രത്തിൽ എടുത്തു പറയാവുന്ന ഒരു സംഘട്ടന രംഗമാണുള്ളത്. ആകാരം കൊണ്ടും മെയ് വഴക്കം കൊണ്ടും ഫാൻ്റസി കലർന്നുള്ള ആ രംഗങ്ങൾ പ്രേക്ഷകനെ പിടിച്ചിരുത്തും വിധം തന്നെ അവതരിപ്പിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. സ്റ്റണ്ട് ശിവയാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തത്.

ഭക്തിയുടെ കാണാകാഴ്ചകൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന സിനിമ എത്രത്തോളം പൂർണ്ണമായി വിജയിച്ചു എന്നത് ഒരു ചോദ്യമാണ്. ശബരിമല യാത്രയും അനുബന്ധ ആചാരങ്ങളും പ്രേക്ഷകനെ കൂടുതൽ പരിചയപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടുപോലും തികവോടെ എത്തിയില്ല. രണ്ടാം പകുതിയിലെ ചില ദിശാന്ധികളിൽ അൽപം ഇഴച്ചിൽ അനുഭവപ്പെട്ടു. ചിത്രത്തിൻ്റെ രണ്ട് മണിക്കൂറിന് അൽപം മാത്രം കവിഞ്ഞുള്ള ദൈർഘ്യം അതിനാൽ തന്നെ ഗുണപരമായി വർത്തിച്ചിട്ടുണ്ട്. ഒരു നിഷ്കളങ്കയായ കുട്ടിയുടെ മനസ്സിലൂടെ, ഭക്തിയും വിശ്വാസവും പരിഗണനയോടെ കണ്ട്, ഒരു ചിത്രകഥ പോലെ ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് മാളികപ്പുറം. ചിത്രത്തിൻ്റെ അവസാനം യുക്തിയെ തൃപ്തിപ്പെടുത്താനായി ഉൾപ്പെട്ട രംഗങ്ങൾ ഒരു ഭാഗം പ്രേക്ഷകർക്കെങ്കിലും അനിവാര്യമാവാം. എന്നാൽ അതൊന്നുമില്ലാതെ തന്നെ ശക്തമായ ആഗ്രഹങ്ങൾ സഫലിക്കരിക്കപ്പെടുമെന്നുള്ള ചിന്ത, ചിത്രം പങ്കുവെയ്ക്കുന്നു. ചിത്രത്തിന് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 3/5. അടുത്ത ഒരു ചിത്രവുമായി വരുന്നത് വരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *