ഫോർബ്‌സ് പട്ടികയിൽ ഇടം നേടി മലയാള ചിത്രങ്ങൾ

ഫോർബ്‌സ് പട്ടികയിൽ ഇടം നേടി മലയാള ചിത്രങ്ങൾ. മമ്മൂട്ടി ചിത്രമായ റോഷാകും കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട് ‘ എന്നീ ചിത്രങ്ങളാണ് ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയത് .

ഈ വർഷത്തെ മികച്ച ഇന്ത്യൻ സിനിമയുടെ പട്ടികകൾ പുറത്തു വന്നപ്പോൾ മലയാള സിനിമയ്ക്കു അഭിമാനം പകർന്ന് ‘റോഷാക്കും’ ‘ന്നാ താൻ കേസ് കൊട് ‘ എന്നീ ചിത്രങ്ങൾ പട്ടികയിൽ ഇടം നേടി. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. കുഞ്ചാക്കോ വേറിട്ട ​ഗെറ്റപ്പിൽ എത്തിയ ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. രാജമൗലിയുടെ ആർ ആർ ആർ, അമിതാഭ് ബച്ചന്റെ ​ഗുഡ്ബൈ, സായ് പല്ലവിയുടെ ​ഗാർഖി തുടങ്ങിയവയും ആണ് മറ്റു മികച്ച ഇന്ത്യൻ ചിത്രങ്ങൾ .

മമ്മൂട്ടി കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു റോഷാക്കിലെ ലൂക്ക് ആൻറണി.യുകെ പൗരത്വമുള്ള, ദുബൈയിൽ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടിൽപുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയിൽ തൻറെ കാർ അപകടത്തിൽ പെട്ടതിനെത്തുടർന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്.

ഓ​ഗസ്റ്റ് 11നാണ് ന്നാ താൻ കേസ് കൊട് തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം റിലീസ് ദിവസം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നും ഉള്ള ആഹ്വാനങ്ങൾ ഉയർന്നെങ്കിലും തിയറ്ററുകളിൽ ഗംഭീര വിജയം നേടിയിരുന്നു ഈ ചിത്രം .

Leave a Reply

Your email address will not be published. Required fields are marked *