ലോകേഷ് കനകരാജിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ, നന്ദി പറഞ്ഞ് താരം

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് പുതു തരംഗം തന്നെ സൃഷ്ടിച്ച സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ജന്മദിനത്തില്‍ രസകരമായ മാഷപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ആരാധകരുടെ ഈ സ്‌നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ലോകേഷ് ഇപ്പോള്‍.

‘ഒരു നന്ദി കൊണ്ട് ഒന്നുമാകില്ല. എന്നാലും എല്ലാ ഹൃദ്യമായ ആശംസകള്‍ക്കും മാഷപ്പുകള്‍ക്കും വീഡിയോകള്‍ക്കും നന്ദി. ഇത് എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. ആളുകള്‍ക്ക് മികച്ച സിനിമകള്‍ നല്‍കുന്നതിനായി പൂര്‍ണ്ണ മനസോടെ ഞാന്‍ ശ്രമിക്കും. എല്ലാവര്‍ക്കും നന്ദി, ഒത്തിരി സ്‌നേഹം’, ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.

വിജയ്ക്കും സഞ്ജയ് ദത്തിനുമൊപ്പം തന്റെ പുതിയ സിനിമയായ ‘ലിയോ’യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളും ലോകേഷ് പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാത്തിനും ഒരുപാട് നന്ദി വിജയ് അണ്ണാ’ എന്ന കുറിപ്പോടെയാണ് സംവിധായകന്‍ വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘മാസ്റ്ററി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ലിയോ

കശ്മീരില്‍ ലിയോയുടെ ലൊക്കേഷനില്‍ വെച്ച് ലോകേഷിന്റെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. സഞ്ജയ് ദത്ത്, ബാബു ആന്റണി, തൃഷ, മനോജ് പത്മഹംസ തുടങ്ങിയവര്‍ക്കൊപ്പമുള്ള ലോകേഷിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മന്‍സൂര്‍ അലിഖാന്‍, പ്രിയാ ആനന്ദ് തുടങ്ങിയ ഒരു വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *