കാപ്പയുടെ ബുക്കിംഗ് തുടങ്ങി

കൊച്ചി: മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു.
ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.

ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ബുക്കിം​ഗ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അപർണ ബാലമുരളിയാണ് നായിക.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *