കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്

ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലും; പ്രിയനടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്.

മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല.

നാടൻപാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല. വിസ്മൃതിയിലാണ്ടുപോയ നാടൻപാട്ടുകൾ പലതും മണിയുടെ ശബ്ദത്തിൽ പുതുതലമുറകേട്ടു, ആസ്വദിച്ചു, ഏറ്റുപാടി. മണി എന്നുമൊരു ആഘോഷമായിരുന്നു മലയാളികൾക്ക്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി , മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.

കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തി. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി. ഹാസ്യതാരമായി തുടങ്ങിയ മണി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം തകർത്തഭിനയിച്ചു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് മണി തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം പ്രേക്ഷകർ കണ്ടു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ചുരുക്കത്തിൽ സിനിമയിൽ ഓൾ റൗണ്ടറായിരുന്നു കലാഭവൻ മണി.

സിനിമയിൽ തിരക്കേറിയപ്പോഴും നാടും നാട്ടുകാരും നാടൻപാട്ടുമായിരുന്നു മണിയുടെ ജീവൻ. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി.
ചിലപ്പോൾ ചിരിച്ചും മറ്റുചിലപ്പോൾ കണ്ണുനിറഞ്ഞും നമ്മൾ മണിയെ ഓർക്കുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകളിലൂടെ ആ സാന്നിധ്യം നമ്മളറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *