കബ്സ എന്ന ബഹുഭാഷാ ചിത്രത്തിന്റെ വിശേഷങ്ങൾ

നമസ്കാരം, യൂ ടോക്കിൻ്റെ ചലച്ചിത്ര നിരൂപണത്തിലേക്ക് സ്വാഗതം. കന്നട സിനിമയിലെ മുതിർന്ന താരമായ ഉപേന്ദ്രയെ നായകനാക്കി ആർ ചന്ദ്രൂ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച കബ്സ എന്ന ബഹുഭാഷാ ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. കിച്ച സുദീപും ശ്രീയ ശരണും മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നു. മുരളി ശർമ, ജോൺ കോക്കൻ, നവാബ് ഷാ എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു.

പീരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം 1945ൽ നിന്നാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ അധികാര – രാഷ്ട്രീയ തട്ടകത്തിന് കീഴിലായി പന്തലിച്ചു നിൽക്കുന്ന, രാജപരമ്പരകളുടെയും വംശങ്ങളുടെയും സമുദായങ്ങളുടെയും ഭരണ നേട്ടത്തിനു വേണ്ടിയുള്ള അധോലോക പ്രപഞ്ചത്തിലൂടെയാണ് ചിത്രം പറന്നുയരുന്നത്. ഈ കരാള ലോകത്തിലേക്ക് ആർക്കേശ്വര എന്ന ‘അർക്കൻ’ സാഹചര്യങ്ങളാൽ വന്നുചേരുന്നു. സൗമ്യനായ അയാൾ രക്തദാഹിയായ ഭീകരനായും ഗാങ്സ്റ്ററായും മാറുമ്പോൾ ഉപേന്ദ്ര എന്ന ഇന്ത്യൻ റിയൽ സ്റ്റാർ ആഘോഷിക്കപ്പെടുന്നു, ആരാധിക്കപ്പെടുന്നു.

പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയ രവി ബസ്രൂർ തന്നെയാണ് കബ്സയുടെ ആത്മാവ്. ഒരു നിമിഷം പോലും ഉൾക്കിടിലം നഷ്ടപ്പെടുത്താതെ സംഗീത – ശബ്ദ പ്രകമ്പനത്താൽ ബസൂർ ഒരിക്കൽ കൂടി മായാജാലം തീർത്തു. ‘നവാമി നവാമി’ ഉൾപ്പെടെയുള്ള ഗാനങ്ങൾ എല്ലാം മികച്ചുനിന്നു. കബ്സയെ വിസ്മയത്തോടെ കണ്ടു തീർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് കാഴ്ചകൾ ഒരുക്കിയ എ.ജെ ഷെട്ടി എന്ന ഛായാഗ്രഹകനാണ്. ആർ ചന്ദ്രൂ എന്ന അനുഭവസമ്പന്നനായ സംവിധായകൻ ഒരുക്കിയ വൈവിധ്യമാർന്ന ലോകത്തെ വിശദമായി പരിഗണിച്ച്, വിശാലമായി, പുതുമയോടെ പകർത്തി വച്ചിട്ടുണ്ട്. അമരാപുരയുടെ തട്ടകത്തിൽ നിന്ന് കർണാടകവും ദക്ഷിണേന്ത്യയും കടന്ന് കുതിക്കുന്ന ആർക്കേശ്വരന്റെ കുതിപ്പ് ഇന്ത്യയെ മൊത്തം കൈക്കരുത്തു കൊണ്ട് നിയന്ത്രിക്കുന്ന ഭീമൻ ശൃംഖലയാക്കി മാറ്റുന്നു. ആ വഴിയിൽ ഖാലിദ്, ബഗീര തുടങ്ങിയ വില്ലന്മാർ വമ്പൻ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഒടുവിൽ 70 – കളുടെ അവസാനങ്ങൾ അടക്കിവാഴുന്ന ധാക്ക എന്ന ആഗോള ഭീകരനിലേക്കെത്തുമ്പോൾ ചിത്രം അപ്രതീക്ഷിതമായ ഗതിമാറ്റം നടത്തുന്നു.

മികച്ച കഥാപരിസരത്തിലൂടെയുള്ള ആരംഭവും ഗംഭീരമായ ഇൻ്റർവെൽ രംഗത്തിനും ശേഷം വലിയൊരു കഥയുടെ ആരംഭത്തിന്റെ മുനമ്പിലാണ് “കബ്സ”എന്ന ചിത്രം അവസാനിക്കുന്നത്. വീർ ബഹദൂർ എന്ന കഥാപാത്രത്തിലൂടെ പ്രമുഖ തെലുങ്ക് നടനായ മുരളി ശർമ്മ കന്നട ചലച്ചിത്ര ലോകത്തിലേക്ക് സ്വപ്നതുല്യമായ കാൽവെപ്പ് നടത്തിയിരിക്കുന്നു. വിശാലമായ ക്യാൻവാസിൽ ഒരുങ്ങിയ, ഹരം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളും നിർത്താതെയുള്ള ആക്ഷൻ രംഗങ്ങളും രണ്ടേകാൽ മണിക്കൂർ കാണാൻ അടുത്തുള്ള വലിയ സ്ക്രീനിൽ കബ്സക്ക് ടിക്കറ്റെടുക്കാം. ചിത്രത്തിന് യൂ ടോക്ക് നൽകുന്ന റേറ്റിംഗ് 3.5/5. അടുത്തൊരു ചിത്രവുമായി വരുന്നതുവരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *