ക്ഷമ ചോദിച്ചു ഇന്ദ്രൻസ്

ക്ഷമ ചോദിച്ചു ഇന്ദ്രൻസ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചതെന്നും അതിക്രമത്തിനിരയായ പെൺകുട്ടി തനിക്ക് മകളെപ്പോലെ ആണെന്നും ഇന്ദ്രൻസ് പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ്. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലെ പരാമർശം വിമർശനങ്ങൾക്കു വഴിവച്ചതിനെ തുടർന്നാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്‌തെന്നു വിശ്വസിക്കാൻ പാടാണെന്നാണു പറഞ്ഞത്. അതിക്രമത്തിനിരയായ പെൺകുട്ടിയെ മകളെപ്പോലെതന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘കഴിഞ്ഞ ദിവസം വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവം ശ്രമിച്ചിട്ടില്ല. ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്നു മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെപ്പോലെതന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു..

എല്ലാവരോടും സ്നേഹം, ഇന്ദ്രൻസ്…’’

Leave a Reply

Your email address will not be published. Required fields are marked *