ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം സമ്മാനിക്കാൻ ബോളിവുഡിൻറെ സൂപ്പർ താരം ദീപിക പദുകോൺ

ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം സമ്മാനിക്കാൻ ബോളിവുഡിൻറെ സൂപ്പർ താരം ദീപിക പദുകോൺ. 95-ാമത് ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ അവതാരകരില്‍ ഒരാളായി ദീപികയും.

95-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനം ഈ മാസം 13-ന് നടക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ സാന്നിധ്യമാണതിന് കാരണം. എന്നാലിതാ ഇന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊന്നുകൂടി ഇത്തവണത്തെ ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിലുണ്ടാവും. ആ അഭിമാന നിമിഷം വന്നുചേരുന്നതാകട്ടെ ബോളിവുഡ് നടി ദീപികാ പദുക്കോണിലൂടെയും.

ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായാണ് ദീപിക എത്തുക. കഴിഞ്ഞദിവസം പുറത്തുവന്ന അക്കാദമി പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്. 16 പേരാണ് അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.

അക്കാദമി പുറത്തുവിട്ട പട്ടിക ദീപിക ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്‍വീര്‍ സിങ്, നേഹാ ധൂപിയ തുടങ്ങി നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായെത്തിയത്. ഇതാദ്യമായല്ല അന്താരാഷ്ട്ര വേദികളില്‍ ദീപിക തിളങ്ങുന്നത്. ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗങ്ങളില്‍ ഒരാളായിരുന്നു അവര്‍.

മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ഗാനം ഓസ്‌കറിലും മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കാനെത്തിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *