‘ദസറ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘ദസറ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നാനിയുടെ മാസ് സംഘട്ടനരംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞതാണ് ട്രെയിലര്‍. ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാനവേഷത്തിലുണ്ട്. കീര്‍ത്തി സുരേഷ് ആണ് നായിക.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. കീര്‍ത്തി സുരേഷാണ് ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ നായികയായി എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ.

സമുദ്രക്കനി, സായ് കുമാര്‍, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *