സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് പരാജയം ഏറ്റുവാങ്ങിയത്.

പരിഷ്കരിച്ച രൂപത്തിലാണ് സിസിഎല്‍ മത്സരം. പത്ത് ഓവര്‍ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരള ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. ഒപ്പം തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗ് നടത്തിയ പിച്ചില്‍ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താന്‍ ഏറെ വിയര്‍ത്തു.

തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് പിള്ള നേടിയത്.

സിദ്ധാര്‍ത്ഥ് രാജീവ് ഓപ്പണിംഗ് ജോഡിയാണ് വലിയ വിജയലക്ഷ്യം തേടി രണ്ടാം സ്പെല്ലില്‍ ഇറങ്ങിയത്. ഇവര്‍ ആദ്യ ഓവറില്‍ 10 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും. രണ്ടാം ഓവറിലെ അവസാന ഓവറില്‍ സ്ട്രൈക്ക് വീണ്ടും നേടാനുള്ള ശ്രമത്തില്‍ സിദ്ധാര്‍ത്ഥ് റണ്‍ഔട്ടായി. തുടര്‍ന്ന് ഇറങ്ങിയ പ്രജോദ് പരിക്ക് മൂലം നാലാം ഓവറില്‍ പിന്‍മാറി. ഇതോടെയാണ് ക്യാപ്റ്റനായ ഉണ്ണി മുകുന്ദന്‍ എത്തിയത്. പ്രിന്‍സാണ് ഓവര്‍ ചെയ്തത്. ബാറ്റിംഗിന് ഇറങ്ങിയ ഓവറില്‍ രണ്ട് ഫോറുകള്‍ അടിച്ചാണ് ഉണ്ണി മുകുന്ദന്‍ ബാറ്റിംഗ് തുടങ്ങിയത്

രാജീവ് പിള്ളയുമായി ചേര്‍ന്ന് ഉണ്ണി മുകുന്ദന്‍ രക്ഷ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വലിയ കടമ്പയായിരുന്നു വിജയം. ഏഴാമത്തെ ഓവറില്‍ മൂന്നാം പന്തില്‍ 14 ബോളില്‍ 23 റണ്‍സ് എടുത്ത് ഉണ്ണി മുകുന്ദന്‍ ഔട്ടായി. തമന്‍റെ പന്തിലായിരുന്നു വിക്കറ്റ്. അടുത്ത ബോളില്‍ തന്നെ 0 റണ്‍സ് എടുത്ത വിവേക് ഗോപനും മടങ്ങി. രണ്ട് സ്പെല്ലിലും പൂജ്യം റണ്‍സാണ് വിവേക് ഗോപന്‍ നേടിയത്. അടുത്ത ഓവറില്‍ തന്നെ രാജീവ് പിള്ളയുടെ ഇന്നിംഗ്സും തീര്‍ന്നതോടെ കേരളം സിസിഎല്‍ 2023ലെ ആദ്യ മത്സരം തോറ്റെന്ന് ഉറപ്പായി.

നേരത്തെ രണ്ടാം സ്‍പെല്ലിലും തെലുങ്ക് വാരിയേഴ്‍സിന്റെ നായകൻ അഖില്‍ അക്കിനേനി തകര്‍പ്പൻ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. കേരള സ്‍ട്രൈക്കേഴ്‍‍സിനെതിരെ മികച്ച ലീഡുമായി ഇറങ്ങിയ തെലുങ്ക് വാരിയേഴ്‍സ് രണ്ടാം സ്‍പെല്ലില്‍ നാല് വിക്കറ്റ് നഷ്‍ട‍ത്തില്‍ 119 റണ്‍സ് എടുത്തു.169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇതോടെ തെലുങ്ക് വാരിയേര്‍സ് കുറിച്ചത്.

രണ്ടാം സ്‍പെല്ലില്‍ അശ്വിൻ ബാബുവും തമനുമായിരുന്നു തെലുങ്ക് വാരിയേഴ്‍സിന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. മികച്ച ഒരു തുടക്കമായിരുന്നു അശ്വിനും തമനും തെലുങ്ക് വാരിയേഴ്‍സിന് നല്‍കിയത്. പന്ത് അതിര്‍ത്തി കടത്തുകയെന്ന ലക്ഷ്യത്തോടെ തന്നെ ബാറ്റ് വീശിയ അശ്വിൻ ബാബു- തമൻ കൂട്ടുകെട്ടിനെ പിരിച്ചത് മണിക്കുട്ടനായിരുന്നു. മൂന്നാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ മണിക്കുട്ടൻ എസ് തമന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. 13 പന്തില്‍ 21 റണ്‍സ് ആയിരുന്നു തമൻ എടുത്തത്. മറ്റൊരു ഓപ്പണിംഗ് ബാറ്റ്‍സ്‍മായ അശ്വിനെ പ്രശാന്ത് അലക്സാണ്ടര്‍ അര്‍ജുന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 12 പന്തില്‍ 16 റണ്‍സായിരുന്നു അശ്വിന്റെ സമ്പാദ്യം. 11 പന്തില്‍ 11 റണ്‍സെടുത്ത രഘുവിനെ രാജീവ് പിള്ളയുടെ പന്തില്‍ ഷഫീഖ് ക്യാച്ച് ചെയ്‍തു.

ആദ്യ സ്‍പെല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അഖില്‍ അക്കിനേനി വീണ്ടും ക്രീസിലെത്തിയതോടെ തെലുങ്ക് വാരിയേഴ്‍സിന്റെ സ്‍കോറിംഗ് വേഗം കൂടി. ഇക്കുറി 19 പന്തില്‍ 65 റണ്‍സ് എടുത്ത് അഖില്‍ അക്കിനേനി പുറത്താകാതെ നിന്നു. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘ഏജന്റി’ലെ നായകൻ കൂടിയായ അഖില്‍ അഖിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് ആദ്യ സ്‍പെല്ലില്‍ നേടിയത്. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് എടുത്ത പ്രിൻസിന വിവേക് വിക്കറ്റിനു മുനനില്‍ കുരുക്കി. സുധീര്‍ ബാബു റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

കേരള സ്‍ട്രൈക്കേഴ്‍സിനു വേണ്ടി മണിക്കുട്ടൻ, പ്രശാന്ത് അലക്സാണ്ടര്‍, രാജീവ് പിള്ള, വിവേക് ഗോപൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതം എടുത്തു. മണിക്കുട്ടൻ രണ്ട് ഓവറില്‍ 19ഉം പ്രശാന്ത് അലക്സാണ്ടര്‍ രണ്ട് ഓവറില്‍ 27ഉം രാജീവ് പിള്ള രണ്ട് ഓവറില്‍ 29ഉം വിവേക് ഗോപൻ ഒരു ഓവറില്‍ 16ഉം റണ്‍സാണ് വിട്ടുകൊടുത്തത്. ഷഫീഖ് റഹ്‍മാൻ രണ്ട് ഓവറില്‍ 19 റണ്‍സ് എടുത്തു. ഉണ്ണി മുകുന്ദൻ ഒരു ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തു.

അഖില്‍ അഖിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സ് എടുത്തതാണ് തെലുങ്ക് വാരിയേഴ്‍സിന് കൂറ്റൻ സ്‍കോറായ 154ല്‍ എത്തിച്ചത്. മറുവശത്ത് 23 പന്തുകളില്‍ നിന്ന് 45 റണ്‍സുമായി പ്രിൻസും മികച്ച പിന്തുണ നല്‍കി. അര്‍ജുന്റെ പന്തില്‍ വിജയ് ക്യാച്ചെടുത്താണ് ഒടുവില്‍ അഖില്‍ പുറത്തായത്. പ്രിൻസിനെ നന്ദകുമാര്‍ റണ്‍ ഔട്ടാകുകയായിരുന്നു. ശേഷമെത്തിയ സുധീര്‍ ബാബു രണ്ട് പന്തുകളില്‍ നിന്ന് രണ്ടും അശ്വിൻ ബാബു ആറ് പന്തുകളില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.

കേരള സ്‍ട്രൈക്കേഴ്‍സിന്റെ ബൗളിംഗ് നിരയില്‍ ഏറ്റവും പ്രഹരമേറ്റത് വിവേക് ഗോപനും ഉണ്ണി മുകുന്ദനുമാണ്. വിവേക് ഗോപൻ രണ്ട് ഓവര്‍ എറിഞ്ഞപ്പോള് 41 റണ്‍സും ഉണ്ണി മുകുന്ദൻ ആറ് ഓവറില്‍ 45 റണ്‍സും വിട്ടുകൊടുത്തു. വിനു മോഹൻ ഒരു ഓവറില്‍ 14 റണ്‍സും ഷഫീക്ക് റഹ്‍മാൻ രണ്ട് ഓവറില്‍ 32ഉം അര്‍ജുൻ നന്ദകുമാര്‍ ഒരു ഓവറില്‍ 21ഉം റണ്‍സ് വിട്ടുകൊടുത്തു.

കേരള സ്‍ട്രൈക്കേഴ്‍സിന്റെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍ എടുത്ത് നിരാശപ്പെടുത്തി. പ്രിന്‍സിന്‍റെ രണ്ടാം ഓവറില്‍ രഘു ക്യാച്ച് പിടിച്ച് ഔട്ടായി. പിന്നാലെ അര്‍ജുന്‍ നന്ദകുമാര്‍ കൂടി മടങ്ങിയതോടെ കേരളം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച് ചേര്‍ന്ന രജീവ് പിള്ള, മണികുട്ടന്‍ കൂട്ടുകെട്ടിന്റെ ചെറുത്തുനില്‍പ്പിന്റെ പിൻബലത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് 5 വിക്കറ്റ് നഷ്‍ടത്തില്‍ 98 റണ്‍സ് എടുത്തു.

മണിക്കുട്ടന്‍ കളത്തില്‍ നിന്നും പിന്‍മാറിയതിന് ശേഷം ഏഴാം ഓവറില്‍ 19 ബോളില്‍ 38 റണ്‍സുമായി രാജീവ് പിള്ള മടങ്ങി. എന്നാല്‍ പ്രജോദുമായി ചേര്‍ന്ന് സിദ്ധാര്‍ത്ഥ് 17 ബോളില്‍ 27റണ്‍സ് നേടി. പിച്ചില്‍ ഓടാന്‍ പരിക്ക് പ്രശ്നമായ പ്രജോദിന് വേണ്ടി ഉണ്ണി മുകുന്ദന്‍ റണ്ണറായി എത്തിയതും കാണാമായിരുന്നു. തെലുങ്ക് വാരിയേര്‍സിന് വേണ്ടി പ്രിന്‍സ് നാല് ഓവറില്‍ 7 റണ്‍സ് നല്‍കി 4 വിക്കറ്റ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *