ബ്രഹ്‌മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും

ബ്രഹ്‌മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും. മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു ഇരുവരുടെയും പ്രതികരണം.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവര്‍ ഓര്‍മപ്പെടുത്തി. നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുക. വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കാനും താരങ്ങള്‍ പറയുന്നു.

ബ്രഹ്‌മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുന്‍ മാനുവല്‍ തോമസ്, സജിത മഠത്തില്‍, ബാദുഷ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയായിരുന്നു വിനയ് ഫോര്‍ട്ടിന്റെ പ്രതിഷേധം. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് എഴുതിയിരിക്കുന്ന മാസ്‌ക് ധരിച്ച മുഖത്തിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ഇട്ടുകൊണ്ടാണ് നടന്‍ പ്രതികരിച്ചത്.

അതേസമയം, അഗ്‌നിബാധയ്ക്ക് ഒന്‍പതാം ദിവസം നേരിയ ശമനമുണ്ടായി. തീ 80% അണച്ചതായി പ്ലാന്റ് സന്ദര്‍ശിച്ച മന്ത്രിമാരായ പി. രാജീവ്. എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു. പുകയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നലെ വൈകിട്ടും അങ്ങിങ്ങായി അഗ്‌നിനാളങ്ങള്‍ ഉയര്‍ന്നു. മാലിന്യത്തില്‍ ആറ് അടി ആഴത്തില്‍ വരെ തീയുണ്ട്. ഇന്നും പൂര്‍ണമായും അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ, ബ്രഹ്‌മപുരത്തെ അഗ്‌നിബാധ പോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലയില്‍ മാലിന്യ സംസ്‌കരണ കര്‍മ പദ്ധതിക്ക് രൂപം നല്‍കി. വീടുകളില്‍ ഏപ്രില്‍10 നകം ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്നു മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ 5നു തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും. പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കാന്‍ മേയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *