ബൊമ്മന്‍- ബെല്ലി ദമ്പതികളെ എം.കെ. സ്റ്റാലിന്‍ ആദരിച്ചു

ചെന്നൈ: ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററിയിലെ കഥാപാത്രങ്ങളായ ബൊമ്മന്‍- ബെല്ലി ദമ്പതികളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആദരിച്ചു.

ഓസ്‌കര്‍ നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററിയിലെ കഥാപാത്രങ്ങളായ ബൊമ്മന്‍- ബെല്ലി ദമ്പതികളെ ചെന്നൈ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആദരിച്ചു. ഇരുവരെയും പൊന്നാടയണിയിച്ച സ്റ്റാലിന്‍ ഒരു ലക്ഷം രൂപ വീതവും പ്രശംസാഫലകങ്ങളും കൈമാറി. ഇതോടൊപ്പം തമിഴ്‌നാട്ടിലെ മുതുമലയിലെ തെപ്പക്കാട്, ആനമലക്കടുത്ത കോഴിക്കാമുത്തി ആന ക്യാമ്പുകളിലെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 91 തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇവര്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ 9.10 കോടി രൂപയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആനമല കടുവ സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ആന ക്യാമ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അഞ്ച് കോടി രൂപയും അനുവദിച്ചു. കോയമ്പത്തൂര്‍ ചാടിവയലില്‍ എട്ടു കോടി രൂപ ചെലവില്‍ പുതിയ ആന പരിചരണ കേന്ദ്രം സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

അനാഥയായ ‘രഘു’വെന്ന ആനക്കുട്ടിയെ പരിചരിക്കുന്ന ബൊമ്മന്‍- ബെല്ലി ദമ്പതികളുടെ കഥയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചതോടെ മുതുമല ആനത്താവളത്തില്‍ സന്ദര്‍ശകരുടെ തിരക്കേറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *