‘ദീപിക ധരിച്ചാല്‍ പ്രശ്നം, സ്മൃതി ധരിച്ചാല്‍ പ്രശ്നമില്ലെ’: സ്മൃതി ഇറാനി മിസ് ഇന്ത്യ വീഡിയോയുടെ പേരില്‍ പോര്

ന്യൂഡൽഹി: 1998-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു. ‘പഠാൻ’ എന്ന സിനിമയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ഈ വീഡിയോ ബിജെപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കൾ തമ്മിലുള്ള ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്.

പഠാനിലെ ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് പഠാന്‍ ബഹിഷ്കരണത്തിന് കാരണം. നിരവധി തീവ്രസംഘടനകള്‍ ബോയ്കോട്ട് പഠാൻ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഐടി സെല്‍ മേധവിയും മധ്യപ്രദേശിലെ മന്ത്രിയും എംഎല്‍എമാരും ഒക്കെ പഠാനെതിരെ രംഗത്ത് എത്തി. അതിന് പുറമേ മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും ചിത്രം ബഹിഷ്കരണ വീഡിയോ നേരിടുന്നു എന്നാണ് വിവരം.

അതേ സമയം 1998-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കാവി നിറത്തിലുള്ള നീന്തൽ വസ്ത്രത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത ബിജെപിയുടെ അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ദത്തയുടെ ട്വീറ്റിലെ മറുപടി സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയെ ട്വീറ്റ് ചെയ്തു. ഇത്തരം സ്ത്രീവിരുദ്ധരെയാണ് മമത പാര്‍ട്ടി വക്താക്കളായി ഇരുത്തുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍ ഈ ട്വീറ്റിന്2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ എങ്ങനെയാണ് ബിജെപി നേതാക്കൾ “സംസ്‌കാരി ബ്രാഹ്മണർ” എന്ന് ന്യായീകരിച്ചതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് തിരിച്ചടിച്ചു.

‘‘കാവിയെന്നത് നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീർക്കാനുള്ള ഈ അഭിനയം ആദ്യം നിർത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകൾ കാവി വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് വലിയ പ്രശ്നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാൽ യാതൊരു പ്രശ്നവുമില്ല. നിങ്ങൾക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. കപടനാട്യക്കാർ!. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാർട്ടിയിൽ അംഗമാണ് ഞാൻ. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സൻസ്കാരി ബ്രാഹ്മിൻസ്’ എന്ന് വിളിക്കുന്നവരുടെ പാർട്ടിക്കാരും’’ – റിജു ദത്ത ട്വിറ്ററില്‍ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *