ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ വിമര്‍ശനവുമായി സംവിധായകന്‍ ഇടതു സഹയാത്രികനുമായ ആഷിഖ് അബു

ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ വിമര്‍ശനവുമായി സംവിധായകന്‍ ഇടതു സഹയാത്രികനുമായ ആഷിഖ് അബു.

നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപഹാസ്യ പോസ്റ്റ് കടമെടുത്തായിരുന്നു ആഷിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്.

”ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല”. ”തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.” ”എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു”. ” എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്.”-ആഷിഖ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായപ്പോള്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപ്പേര്‍ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

അതേസമയം, ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് ബ്രഹ്‌മപുരത്ത് നടത്തിയത്. ഇരുനൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ടു ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 2000 അഗ്‌നിരക്ഷാസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *