തന്റെ ആദ്യ കാര്‍ ആയ മാരുതി 800 നെക്കുറിച്ചുള്ള ഓര്‍മകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്

തന്റെ ആദ്യ കാര്‍ ആയ മാരുതി 800 നെക്കുറിച്ചുള്ള ഓര്‍മകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസനൊപ്പം സന്ദേശവും തലയണമന്ത്രവും ഉള്‍പ്പടെയുള്ള നിരവധി സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ മാരുതി സാക്ഷിയായിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

‘ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ മാരുതി 800 ആണ്. 33 വര്‍ഷം മുന്‍പാണത്. ഞാനും ശ്രീനിവാസനും ഒന്നിച്ച പല സിനിമകളുടേയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശം, തലയണമന്ത്രം ഒക്കെ ആ കാറിലെ യാത്രയിലിരുന്ന് സംസാരിച്ചവയാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം എന്റെ എല്ലാ സുഹൃത്തുക്കളും ആ കാറില്‍ കയറിയിട്ടുണ്ട്.

ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിങ് സമയത്ത് ഞാനും മമ്മൂട്ടിയും കൂടി വി.കെ. ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്. അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്റെ ആ പഴയ മാരുതി തന്നെയാണ്. എന്റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്’, സത്യന്‍ അന്തിക്കാട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *