തമിഴകത്തിന്റെ അനി മാജിക്

    തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകം ഇളയരാജയും എആര്‍ റഹ്‌മാനുമടക്കമുള്ളവരുടെ കൈകളില്‍ ആയിരുന്നപ്പോള്‍ അവരുടെ ഇളമുറക്കാരനായി ഒരു പ്രതിഭ സംഗീത ലോകത്തേക്ക് കടന്നു വരുകയുണ്ടായി.പേര് അനിരുദ്ധ് രവിചന്ദര്‍......

സിനിമകള്‍ മറ്റെല്ലാ കലകളെയും പോലെ കാലാന്താരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകം ഇളയരാജയും എആര്‍ റഹ്‌മാനുമടക്കമുള്ളവരുടെ കൈകളില്‍ ആയിരുന്നപ്പോള്‍ അവരുടെ ഇളമുറക്കാരനായി ഒരു പ്രതിഭ സംഗീത ലോകത്തേക്ക് കടന്നു വരുകയുണ്ടായി.പേര് അനിരുദ്ധ് രവിചന്ദര്‍.സംസാരവും പാട്ടും ചേര്‍ത്ത് റാപ്പിന്റെ മേമ്പൊടിയോടെ തമിഴകത്ത് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍. പ്രണയം, നിരാശ, സൗഹൃദങ്ങളുടെ ആഘോഷം തുടങ്ങി കണ്ടമ്പററി തമിഴ് സംഗീതത്തിന്റെ വിജയ ചേരുവയായി അനിരുദ്ധ്. ഹിറ്റ് മേക്കറായ നവാഗതനില്‍ നിന്ന് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളിലെ വിജയ ഫോര്‍മുലയായി വളര്‍ന്ന തമിഴകത്തിന്റെ അനി.ഐശ്വര്യ രജനികാന്തിന്റെ ആദ്യ ചിത്രം ‘ത്രീ’യ്ക്ക് വേണ്ടി 2012ല്‍ അനിരുദ്ധ് ഒരുക്കിയ ‘വൈ ദിസ് കൊലവെറി’ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറി.

സോഷ്യല്‍ മീഡിയയുടെ തുടക്കകാലത്ത് ഭാഷാന്തരങ്ങള്‍ ഭേദിച്ചുണ്ടാക്കിയ ‘കൊലവെറി ഫീവര്‍’ വെര്‍ച്വല്‍ ലോകത്തുനിന്ന് ഇന്നും വിട്ടുപോയിട്ടില്ല.പീന്നിട് അങ്ങോട്ട് തെന്നിന്ത്യന്‍ സിനിമ ലോകം കണ്ടത് അനിരുദ്ധ് എന്ന പ്രതിഭയുടെ വളര്‍ച്ചയാണ്.കത്തി’യും ‘മാരി’യും കടന്ന് രജനികാന്തിന്റെ ‘പേട്ട’യിലെത്തിയപ്പോഴേക്കും എ ആര്‍ റഹ്‌മാന് ലഭിച്ചതിനു സമമായ സ്‌നേഹവും ആരാധനയും അനിരുദ്ധിന് സ്വന്തമായി കഴിഞ്ഞിരുന്നു.ഫാസ്റ്റ് നമ്പേഴ്‌സില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അനിരുദ്ധ് ഒരുക്കുന്ന സംഗീത വിസ്മയം.
മെലഡിയിലും പുതുമ തീര്‍ത്താണ് ആ യാത്ര.പേട്ടയും ദര്‍ബാറുമടക്കം രജനിയുടെ മൂന്നു ചിത്രങ്ങള്‍ക്ക് അനിരുദ്ധ് സംഗീതമൊരുക്കി. ഈ നിരയില്‍ അവസാനത്തേതായിരുന്നു ‘ജയിലര്‍’.എ ആര്‍ റഹ്‌മാനും ഇളയരാജയുമാണ് തന്റെ ‘മ്യൂസിക് സ്‌റ്റൈല്‍’ രൂപപ്പെടുത്താന്‍ പ്രചോദനമായതെന്ന് കരിയറിന്റെ ആദ്യ കാലങ്ങളില്‍ അനിരുദ്ധ് പറഞ്ഞിട്ടുണ്ട്.ആ പറഞ്ഞത് അന്വര്‍ത്ഥമാക്കും വിധം ഈ കോമ്പോയുടെ കൂടുതല്‍ ആകര്‍ഷകമായ പതിപ്പാണ് അനിരുദ്ധ് രവിചന്ദര്‍.

വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ലിയോയിലെ ‘നാ റെഡി’ ദിവസങ്ങളോളം ട്രെന്‍ഡിങ് നിരയില്‍ അനക്കം തട്ടാതെ നിന്നു. അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ ഷാരൂഖ് ഖാന് വേണ്ടി ചിട്ടപ്പെടുത്തിയ ‘ചല്ലെയാ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടി.കുടുംബപാരമ്പര്യം ഇന്‍ഡസ്ട്രിയിലെത്താന്‍ തീര്‍ച്ചയായും അനിരുദ്ധിനെ സഹായിച്ചിരുന്നിരിക്കും. എന്നാല്‍ സംഗീതവഴിയില്‍ ‘അനിരുദ്ധ് രവിചന്ദര്‍’ ഒരു മേല്‍വിലാസമാകുന്നത് പ്രതിഭയും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്.അത് തന്നെ ആവാം അനിരുദ്ധിനെ രാജ്യത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംഗീതസംവിധായകരില്‍ ഒരാളാക്കി മാറ്റിയത്. പുതുതലമുറയുടെ പള്‍സ് തൊട്ടറിയാന്‍ അന്നും ഇന്നും ഒരേയൊരു അനിരുദ്ധ് രവിചന്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *