തോല്‍വിയില്‍ നിന്നുള്ള എസ് ജെ സൂര്യയുടെ ഉയര്‍ത്തെഴുന്നെല്‍പ്പ്…

    തോല്‍വിയില്‍ നിന്നുള്ള എസ് ജെ സൂര്യയുടെ ഉയര്‍ത്തെഴുന്നെല്‍പ്പ്....ഡയലോഗിനെക്കാള്‍ മുഖത്തെ എക്‌സ്പ്രഷന്‍ കൊണ്ടും ശബ്ദത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടും ചിരിപ്പിക്കുകയും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് തീയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കുകയും ചെയ്ത അസാധ്യ നടന്‍ അതാണ് എസ് ജെ സൂര്യ.....

യലോഗിനെക്കാള്‍ മുഖത്തെ എക്‌സ്പ്രഷന്‍ കൊണ്ടും ശബ്ദത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടും ചിരിപ്പിക്കുകയും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് തീയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കുകയും ചെയ്ത അസാധ്യ നടന്‍ അതാണ് എസ് ജെ സൂര്യ.റിലീസ് ചെയ്ത് എതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറി കൂടിയ ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന മാര്‍ക്ക് ആന്റണിയുടെ നട്ടെല്ല് എന്ന് പറയാവുന്ന ജാക്കി പാണ്ഡ്യനെ അതിന്റെ എല്ലാം പീക്ക് ലെവലിലും എത്തിച്ച ആസാധ്യ നടന്‍.നിരവധി വില്ലന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ആ വില്ലന്‍ എസ് ജെ സൂര്യയാണെങ്കില്‍ എന്നാല്‍ പിന്നെ ഈ സിനിമ ഒന്ന് കണ്ട് കളയാം എന്ന് തോന്നത്തക്ക വിധത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന അസാധ്യ പ്രതിഭ. ഖുഷി അടക്കം നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് പ്രക്ഷകരെ ഒരുപാട് രസിപ്പിച്ചിട്ടുണ്ടെങ്കിലും എസ് ജെ സൂര്യയെന്ന ഇന്നത്തെ നടനിലേക്കുള്ള വളര്‍ച്ച് ഒട്ടും രസമുള്ളതായിരുന്നില്ല.കൊല്ലം – തെങ്കാശി അതിര്‍ത്തിയായ കോട്ടവാസലിന് അടുത്തുള്ള വാസുദേവനല്ലൂരില്‍ സ്‌കൂളില്‍ അധ്യാപകരായ സമ്മനസ് പാണ്ഡ്യന്റെയും ആനന്ദത്തിന്റെയും മൂന്ന് മക്കളില്‍ ഇളയ ആളായിരുന്നു ജസ്റ്റില്‍ സെല്‍വരാജ് എന്ന എസ് ജെ സൂര്യ.പിതാവ് അധ്യാപകനായിരുന്നെങ്കിലും എപ്പോഴും ബിസിനസുകളിലും കമ്പമുള്ള ആളായിരുന്നു.

അത് കൊണ്ട് തന്നെ പല വിധ ബിസിനസുകള്‍ ചെയ്തിരുന്നു.ജസ്റ്റിന്‍ മ്യൂസിക് സെന്റര്‍, ജസ്റ്റിന് സൈക്കിള്‍ ഷോപ്പ്, ജസ്റ്റിന്‍ ബിരിയാണി അങ്ങനെ പല തരത്തിലുള്ള ബിസിനസുകള്‍ ചെയ്തിരുന്നു.എന്നാല്‍ ജസ്റ്റിന് ചെറിയ പ്രായത്തില്‍ത്തന്നെ സിനിമയോട് വല്ലാത്ത ഒരു അഭിനിവേശം ഉണ്ടായിരുന്നു.അങ്ങനെ 15 മത്തെ വയസില്‍ സിനിമ ഭ്രാന്ത് മൂത്ത ഒരു ദിവസം ജസ്റ്റിന്‍ വീട് വിട്ട് അങ്ങ് ഇറങ്ങി.പിന്നെ തിരുന്നല്‍വേലിയില്‍ നിന്നും ട്രയിന്‍ കയറി നേരെ മദ്രാസിലേക്ക്.മദ്രാസിലെത്തിയ ജസ്റ്റിന്‍ അവിടെയൊക്കെ കറങ്ങി നടന്നു.പിന്നെ ശിവാജി ഗണേശന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ ദൂരെ നിന്ന് കാണുകയും പിന്നെ സ്റ്റുഡിയോകളില്‍ ഒക്കെ കറങ്ങി നടക്കുകയും ചെയ്തു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞതോടെ ജസ്റ്റിനെ വീട്ടുകാര്‍ കണ്ടെത്തി തിരികെ വാസുദേവനല്ലൂരിലേക്ക് കൊണ്ട് പോയി.കുടുംബത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സിനിമയിലേക്കുള്ള തന്റെ ശ്രമം ജസ്റ്റിന്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.അതിന് വേണ്ടി മദ്രാസില്‍ തന്നെ ജസ്റ്റിന്‍ തുടര്‍ന്നു. ഡിഗ്രി കഴിഞ്ഞെങ്കിലും ജസ്റ്റിനെ മനസിലാക്കിയ കോളേജിലെ ഫാദര്‍ ഹോസ്റ്റലില്‍ കുറച്ച് നാള്‍ കൂടി കഴിയാന്‍ ജസ്റ്റിനെ അനുവദിച്ചു.

അവിടെ നിന്ന് കൊണ്ട് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയും ഷൂട്ടിങ് സൈറ്റില്‍ അപ്രന്റിസ് ആയും അഞ്ചാറ് വര്‍ഷങ്ങള്‍ കൂടി ജസ്റ്റിന്‍ തള്ളി നീക്കി. എന്നാല്‍ പറയത്തക്ക വരുമാനം ഇല്ലാതായതോടെ ജീവിക്കാന്‍ വേണ്ടി ഹോട്ടലുകളില്‍ സെര്‍വറായും ജോലി നോക്കി. അങ്ങനെ കുറെ കാലങ്ങള്‍ക്ക് ശേഷം 1989 ല്‍ നെത്തിയടി എന്ന സിനിമയില്‍ ഡയലോഗുള്ള ഒരു വേഷം കിട്ടി. പിന്നെ ഭാരതി രാജയുടെ ‘കിഴക്ക് ചിമയിലെ സിനിമയില്‍ ചെറിയൊരു അവസരം കിട്ടി. ആ സെറ്റില്‍ സിനിമയെക്കുറിച്ച് കുടുതല്‍ പഠിക്കാന്‍ ജസ്റ്റിന് അവസരം കിട്ടിയത്. പിന്നെ 1995-ല്‍ സംവിധായകന്‍ വസന്തിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോയിന്‍ ചെയ്യുന്നത്. അപ്പോഴും അഭിനയത്തിലേക്കുള്ള വഴിയായിട്ടാണ് ജസ്റ്റിന്‍ സംവിധാനത്തെ കണ്ടിരുന്നത്.എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് സംവിധായകന്‍ വസന്ത് ആണ് ജസ്റ്റിന്‍ സെല്‍വരാജ് എന്ന പേരിന് സ്റ്റണ്ട് മാസ്റ്ററുടെ പേര് പോലെയുണ്ടെന്ന് പറഞ്ഞ് ജസ്റ്റിന്‍ എന്ന പേര് മാറ്റി എസ് ജെ സൂര്യ എന്നാക്കി മാറ്റിയത്.എപ്പോഴും ഊര്‍ജസ്വലനാണ് എസ് ജെ സൂര്യ. ആ ഊര്‍ജസ്വലത തന്നെയാണ് നടന്‍ അജിത്തും ശ്രദ്ധിച്ചത്. അങ്ങനെ ഉല്ലാസം എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് അജിത്ത് എസ് ജെ സൂര്യയോടെ പറഞ്ഞു.

നീ നല്ല ഒരു സ്‌ക്രിപ്റ്റുമായി വന്നാല്‍ ഞാന്‍ അതില്‍ അഭിനയിക്കാം എന്ന് പറഞ്ഞത്. അതോടെ എസ് ജെ സൂര്യ എന്ന സംവിധായകനും പിറന്നു. ആജിത്തിന്റെ ആ വാക്കില്‍ നിന്നുമാണ് വാലി എന്ന് സിനിമ പിറക്കുന്നത്. എന്നാല്‍ വാലി റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസങ്ങളില്‍ നെഗറ്റീവ് പ്രതികരണമാണ് ഉണ്ടായത്. അതോടെ തകര്‍ന്ന് പോയ എസ് ജെ സൂര്യ ലയോള കോളജ് ഹോസ്റ്റലിലെ തന്റെ മുറിയില്‍ പോയി തലയണയില്‍ മുഖം അമര്‍ത്തി കരഞ്ഞു. അങ്ങനെ മനസിന് ശാന്തി കിട്ടാന്‍ തഞ്ചാവൂരില്‍ നിന്നും വേളാങ്കണ്ണി പള്ളിയിലേക്ക് നടന്ന് പോകാന്‍ തീരുമാനിച്ചു. അങ്ങനെ നൂറ് കിലോ മീറ്ററോളം ദൂരെയുള്ള കാല്‍ നട യാത്രയും ആരംഭച്ചു. എസ് ജെ സൂര്യ യാത്ര ആരംഭിച്ചു അടുത്ത ദിവസങ്ങളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. അടുത്ത ദിവസങ്ങളില്‍ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന് തുടങ്ങി. അങ്ങനെ സിനിമ പതിയെ ഹിറ്റായി മാറി തുടങ്ങി. എന്നാല്‍ ഇതൊന്നുമറിയാതെ എസ് ജെ സൂര്യ തന്റെ യാത്ര തുടര്‍ന്നു കൊണ്ടെ ഇരിക്കുകയാണ്. അങ്ങനെ ഒരു ഞായറാഴ്ച മുന്‍പ് ഷൂട്ട് ചെയ്ത തന്റെ ഒരു ഇന്റര്‍വ്യൂ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എന്നറിഞ്ഞു. അതോടെ വഴിയരികിലെ ഒരു വീട്ടില്‍ ടിവി കണാന്‍ അനുവാദം ചോദിച്ചു.വീട്ടുകാര്‍ നോക്കുമ്പോള്‍ ടീവിയില്‍ കാണുന്ന ചെറുപ്പക്കാരന്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.

അങ്ങനെ അവിടെ നിന്നും ടിവി കണ്ട ശേഷം വീണ്ടും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചു.വേളാങ്കണ്ണിയില്‍നിന്നു തിരിച്ചു വന്ന സൂര്യയെ കാത്തിരുന്നത് തമിഴിലെ ടോപ് പ്രൊഡ്യൂസര്‍ ആയ എം.എ. രത്‌നത്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ഓഫര്‍ ആയിരുന്നു. വാലിയുടെ ഫസ്റ്റ് കോപ്പി കണ്ടപ്പോള്‍ അജിത്ത് സൂര്യയ്ക്ക് ഒരു കാറും നേരത്തെ സമ്മാനിച്ചിരുന്നു. എ.എം. രത്‌നതിന്റെ പക്കല്‍ വിജയുടെ ഡേറ്റ് ഉണ്ടായിരുന്നു. അങ്ങനെ വിജയ് – ജ്യോതിക ജോഡിയെ വച്ച് ‘ഖുഷി’ രൂപം കൊണ്ടു. സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഇതാണ് സിനിമയുടെ പ്ലോട്ട്. ഇതാണ് ക്ലൈമാക്‌സ് എന്ന് പറഞ്ഞു കൊണ്ടുള്ള നരേഷന്‍ പുതുമയുള്ളതായിരുന്നു. സിനിമ തമിഴ്‌നാട്ടിലും കേരളത്തിലും ഒക്കെ സൂപ്പര്‍ ഹിറ്റായി. തന്റെ പിതാവിന് ഒരു സമര്‍പ്പണം എന്ന രീതിയില്‍ ഖുഷിയിലെ ജ്യോതികയുടെ അച്ഛന്റെ കഥാപാത്രത്തിന് തന്റെ അച്ഛന്റെ പേരും രൂപ ഭാവങ്ങളും ഒക്കെ നല്‍കി. സിനിമയില്‍ ഒരു കോളജ് ആപ്ലിക്കേഷന്‍ ഫോം ജ്യോതിക ഫീല്‍ ചെയ്യുന്ന സമയത്ത് ‘Father’s Name’ എന്ന കോളത്തില്‍ ”ആര്‍. സമ്മനസ് പാണ്ഡ്യന്‍’ എന്നത് ടൈറ്റ് ക്ലോസ് അപ്പില്‍ ചിത്രീകരിച്ചിരുന്നു.അടുത്തടുത്ത വര്‍ഷങ്ങളില്‍ ഖുഷി സിനിമയുടെ തെലുങ്ക്, ഹിന്ദി വേര്‍ഷനുകള്‍ സംവിധാനം ചെയ്തു.

പവന്‍ കല്യാണ്‍ നായകനായ തെലുങ്ക് ‘ഖുഷി ഹിറ്റ് ആയി മാറിയപ്പോള്‍ ഫര്‍ദീന്‍ ഖാന്‍ ഹീറോ ആയ ഹിന്ദി ‘ഖുഷി പരാജയമായി. അങ്ങനെയിരിക്കെ ആ പഴയ അഭിനയ മോഹം വീണ്ടും പൊന്തി വന്നു. ‘ന്യൂ’ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ സ്വയം നായകനായി അവതരിച്ചു. സിമ്രാന്‍, കിരണ്‍, ദേവയാനി എന്നിവര്‍ നായികമാരായ ആ സിനിമ സെന്‍സര്‍ ബോര്‍ഡില്‍ പല പ്രതിബന്ധങ്ങളെ നേരിട്ട് റിലീസ് ആവുകയും ഹിറ്റാവുകയും ചെയ്തു. എന്നാല്‍ സിനിമ നിര്‍മ്മിച്ചത് എസ് ജെ സൂര്യ തന്നെയായിരുന്നു. വൈകിയുള്ള റിലീസ് ആയതിനാല്‍ എസ് ജെ സൂര്യക്ക് സിനിമ സാമ്പത്തിക ബാധ്യതകള്‍ വരുത്തി വെച്ചു. അതെ കഥ തന്നെ ഒരെ സമയത്ത് മഹേഷ് ബാബുവിനെ നായകനാക്കി തെലുങ്കില്‍ നാനി എന്ന പേരില്‍ ഷൂട്ട് ചെയ്തിരുന്നു. പക്ഷെ ബോക്‌സോഫില്‍ സിനിമ തകര്‍ന്നു. പക്ഷെ ആ പരാജയങ്ങള്‍ ഒന്നും തന്നെ സൂര്യയെ തളര്‍ത്തിയില്ല. അടുത്ത സിനിമയും സ്വയം നിര്‍മിച്ച് നായകനായി. കഴിഞ്ഞ സിനിമയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിക്കാനായി മനപൂര്‍വം ‘ആ ആ’ അന്‍പേ എന്ന പേരില്‍ പുറത്തിറക്കി. സിനിമ വിജയിച്ചെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല. തുടര്‍ന്ന് നിര്‍മാണവും സംവിധാനവും തല്‍ക്കാലം മാറ്റി വച്ച് മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനുള്ള തീരുമാനം എടുത്തു. അതോടെ എസ് ജെ സൂര്യയുടെ വീഴ്ചയും ആരംഭിച്ചു.

അവിടെ തുടങ്ങി എസ് ജെ സൂര്യയുടെ വീഴ്ചകളവനില്‍ കാലി, വ്യാപാരി, തിരുമകന്‍ തുടങ്ങി നായക വേഷം ചെയ്ത സിനിമകള്‍ ഒക്കെയും ബോക്‌സ് ഓഫിസില്‍ തറ പറ്റി. ഗ്രാഫ് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന സംവിധായകനെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളും മുന്നോട്ട് വരാതായതോടെ സൂര്യ വീണ്ടും തളര്‍ന്നു. അതിനിടയില്‍ പവന്‍ കല്യാണിനെ നായകനാക്കി തെലുങ്കില്‍ കോമരം പുലി എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും വന്‍ പരാജമായതോടെ സൂര്യയുടെ ജീവിതം ഒരു വൃത്തം പോലെ സീറോ ആയി മാറി.നായകനായി അഭിനയിച്ച സിനിമകളില്‍ സൂര്യയുടെ പ്രകടനം അമിതാഭിനയമായി വിലയിരുത്തപ്പെട്ടു. നായകനായും സംവിധായകനായും അവസരങ്ങള്‍ ലഭിക്കാതായി. അതിനിടയില്‍ സംവിധായകന്‍ ഷങ്കര്‍ ത്രീ ഇഡിയറ്റ്‌സ് തമിഴിലേക്ക് റിമേക് ചെയ്തപ്പോള്‍ വിജയിയുടെ അപര കഥാപാത്രമായ പഞ്ചവന്‍ പാരിവേന്തന്‍ എന്ന കഥാപാത്രം ചെയ്തു. അത് മാത്രമാണ് അക്കാലത്ത് പറയത്തക്ക തരത്തിലുള്ള വേഷം അത് മാത്രമായിരുന്നു. പിന്നിട് അഞ്ച് വര്‍ഷത്തോളമാണ് സൂര്യ മെയിന്‍ സ്ട്രീമില്‍ നിന്നുമാറി നിന്നത്. എന്നാല്‍ ഈ കാലത്ത സൂര്യ വെറുതെ ഇരിക്കുകയായിരുന്നില്ല.

മറിച്ച് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ച തന്റെ അഭിനയത്തിലെ പിഴവുകള്‍ തിരുത്താനാണ് സൂര്യ സമയം കണ്ടെത്തിയത്. അതിന് വേണ്ടി ഇതിഹാസങ്ങള്‍ എന്നു പറയാവുന്ന ഇന്ത്യയിലെയും ലോകത്തിലെ നടന്‍മാരുടെ സിനിമകള്‍ വീണ്ടും കണ്ടു. അതിന് ശേഷം സംഗീതം പ്രമേയമാക്കി മുന്‍പ് ആലോചിച്ചിരുന്ന സിനിമ വീണ്ടും പൊടി തട്ടിയെടുത്ത് എഴുതിയും തിരുത്തിയും ഒരു രൂപത്തിലാക്കി. അങ്ങനെ 2015 ല്‍ എസ് ജെ സൂര്യയും സത്യരാജും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഇസൈ’ എന്ന സിനിമ എഴുതി സംവിധാനം ചെയ്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. തിയറ്ററുകളില്‍ ഭേദപ്പെട്ട വിജയം നേടിയ ‘ഇസ് അഭിനേതാവ് എന്ന നിലയിലും എസ് ജെ സൂര്യയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തു. എല്ലാറ്റിനുമുപരി ഞാന്‍ ഇവിടെത്തന്നെയുണ്ട്’ എന്ന സ്റ്റേറ്റ്‌മെന്റ് കൂടിയായിരുന്നു ആ സിനിമ. ഇസൈയിലെ വിജ പരാജയങ്ങളിലൂടെ കടന്ന് പോകുന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെ കണ്ടിട്ടാണ് കാര്‍ത്തിക് സുബ്ബരാജ് തന്റെ ഇരൈവി എന്ന സിനിമയില്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത്.കരിയറിലെ വീഴ്ചകള്‍ കാരണം മദ്യാസക്തിയിലേക്കു വഴുതി വീണ അരുള്‍ എന്ന സംവിധായകന്റെ വേഷമാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ‘ഇരൈവി’ എന്ന സിനിമയില്‍ എസ് ജെ സൂര്യ ചെയ്തത്.

ഏറെ ആത്മകഥാംശമുള്ള ആ കഥാപാത്രമാണ് ഒരര്‍ഥത്തില്‍ ഇന്ന് കാണുന്ന എസ് ജെ സൂര്യ എന്ന താരത്തിലേക്കുള്ള വഴിയുടെ തുടക്കം എന്ന് പറയാം. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്‌സിലെ സിംഗിള്‍ ഷോട്ട് രംഗത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ നേടി. തൊട്ടടുത്ത വര്‍ഷം തമിഴിലും തെലുങ്കിലുമായി രണ്ട് ബിള്‍ ബജറ്റ് സൂപ്പര്‍ താര ചിത്രങ്ങളില്‍ പ്രധാന വില്ലനായി സൂര്യ അവതരിച്ചു – മെര്‍സല്‍, സ്‌പൈഡര്‍ എന്നീ ചിത്രങ്ങള്‍, വാലി, ഖുഷി തുടങ്ങിയ സിനിമകളില്‍ എസ് ജെ സൂര്യയുടെ അസോഷ്യേറ്റ് ആയിരുന്നു, പിന്നീട് മുന്‍നിര സംവിധായകന്‍ ആയ എ.ആര്‍ മുരുഗദാസ് ആയിരുന്നു സ്‌പൈഡറിന്റെ സംവിധായകന്‍ ഇവയെ തുടര്‍ന്ന് സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ”നെഞ്ചം മറപ്പതി’ സിനിമയിലും മോണ്‍സ്റ്ററിലും നായക വേഷം ചെയ്തു. രണ്ടിലെയും പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും എസ്.ജെ. സൂര്യയെ അടുത്ത ലെവലിലേക്ക് ഉയര്‍ത്തിയത് 2021-ല്‍ റിലീസ് ആയ ”മാനാട്’ ആണ്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ ടൈം ട്രാവല്‍ ചിത്രത്തില്‍ അദ്ദേഹം ചെയ്ത ഡിസിപി ധനുഷ്‌കോടി എന്ന കഥാപാത്രത്തെ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു ഒരു പക്ഷേ, നായകന്‍ ചിമ്പുവിനെക്കാള്‍ സൂര്യയുടെ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെട്ടു.അതിലെ ‘വന്താന്‍, സൂട്ടാന്‍, സെത്താന്‍ റിപ്പീറ്റ് എന്ന ഡയലോഗ് മലയാളികള്‍ പോലും പറഞ്ഞ് നടന്നു.തുടര്‍ന്ന് ഡോണ്‍, വാരിസ്, ബൊമ്മ എന്നിങ്ങനെ തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായ എസ്.ജെ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കുതിപ്പ് ആണ് ഇപ്പോള്‍ തമിഴ് നാട്ടിലും കേരളത്തിലും നടന്ന് കൊണ്ടിരിക്കുന്നത്.മാര്‍ക്ക് ആന്റണിയിലെ ജാക്കി പാണ്ഡ്യന്‍, മദന്‍ പാണ്ഡ്യന്‍ എന്നീ വേഷങ്ങളില്‍ നിറഞ്ഞാടി സിനിമയിലെ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കുന്ന പ്രകടനം.ഇപ്പോള്‍ വിവിധ ഭാഷകളിലെ ബിഗ് ബാനറുകളും മുന്‍നിര സംവിധായകരും അദ്ദേഹത്തിന്റെ പൊന്നും വിലയുള്ള ഡേറ്റിനായി കാത്തിരിക്കുന്നു. അഭിനയത്തില്‍ കുറച്ച് ഓവര്‍ ദ ടോപ്പ്’ പോകാനുള്ള സ്വാതന്ത്യം ഇതിനകം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ഇനി വരും കാലങ്ങളില്‍ തന്റെ ആരാധകര്‍ക്കായി എന്താണ് എസ് ജെ സൂര്യ കരുതി വച്ചിരിക്കുന്നത് എന്ന് ഇനി കണ്ട് തന്നെ അറിയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *